ഫോട്ടോ എടുക്കാൻ പോയി കാട്ടാനയെ പ്രകോപിപ്പിച്ചു; സഞ്ചാരിക്ക് 25,000 രൂപ പിഴ

കർണാടക ബന്ദിപ്പൂർ ഫോറസ്റ്റിൽ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ഇറങ്ങി തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചതിനാണ് നടപടി. ലോറിയിൽ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് ശാന്തനായി നിന്ന കാട്ടാനയുടെ അടുത്തേക്ക് റീൽസ് എടുക്കാനായി ഇയാൾ ചെല്ലുകയായിരുന്നു
ഇതോടെ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴക്കാണ് ഇയാൾ രക്ഷപ്പെട്ടത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വനംവകുപ്പ് അന്വേഷണം നടത്തുകയും യുവാവിനെ കണ്ടെത്തുകയും ചെയ്തു.
തെറ്റ് മനസ്സിലാക്കിയ യുവാവ് ക്ഷമാപണം നടത്തുന്ന വീഡിയോ കർണാടക വനംവകുപ്പ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.