
ടെക്സസിൽ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു എന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. നദിയുടെ സമീപത്തുള്ള സമ്മർ ക്യാമ്പുകളിൽ പങ്കെടുത്ത നിരവധി കുട്ടികളെയാണ് കാണാതായത്. 27 ഓളം പേരെയാണ് ഇപ്പോഴും കണ്ടെത്താനുള്ളത്, ഇതിൽ കൂടുതലും പെൺകുട്ടികളാണെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കായി 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒമ്പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രംഗത്തുണ്ട്. ഇതുവരെ 850-ലധികം ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചതായി ടെക്സസ് സംസ്ഥാനം അറിയിച്ചു.
ഈ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും, ടെക്സസിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.