മുതലാളിത്വത്തിന്റെ നുകങ്ങളില്‍നിന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാവാതായനങ്ങളിലേക്കു ബിസിനസ്സിനെ പരിവര്‍ത്തിപ്പിച്ച മനുഷ്യസ്‌നേഹി
മുംബൈ: ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ ബിസിനസുകാരന്‍ ആരെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ അതിനുണ്ടാവൂ. ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ നാവല്‍ ടാറ്റ എന്ന രത്തന്‍ ടാറ്റ. ഒരു കാലത്ത് രാജ്യത്തെ തൊഴിലാളികള്‍ക്ക് ടാറ്റയും ബിര്‍ളയുമെല്ലാം കുത്തകകളായിരുന്നു. അവര്‍ ചെയ്യുന്നതിനെ എല്ലാം എതിര്‍ക്കാന്‍ ഒരുകൂട്ടം തൊഴിലാളികളും അവരുടെ നേതൃത്വത്തിലുള്ള യൂണിയനുകളുമുണ്ടായിരുന്നു.
നവ മുതലാളിത്വ വ്യവസ്ഥിതിയുടെ ചുവടുപിടിച്ച് പുത്തന്‍ ആഗോള കുത്തകളും ഇന്ത്യന്‍ കുത്തകകളുമെല്ലാം ഉദയം ചെയ്തതോടെയാണ് ടാറ്റയെന്ന മനുഷ്യന്റെ വലിപ്പം ലോകവും ഇന്ത്യയും അറിയുന്നത്. ആ മനുഷ്യന്‍ ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയില്‍ ചെയ്തതുപോലുള്ള ഒരു സഹായവും സൗകര്യങ്ങളുമൊന്നും ഇന്ത്യയുടെ ഭാവി ചരിത്രത്തില്‍പോലും ആര്‍ക്കും ചെയ്ത് മറികടക്കാന്‍ ആവില്ലെന്ന് ഉറപ്പാണ്.
ടാറ്റയുടെ ഉടമകള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളില്‍ നല്‍കിയ അമൂല്യമായ സംഭാവനകളില്‍ ഒന്നാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ച്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിക്കുപോലും മുകളിലാണ് ഈ ഗവേഷണ സ്ഥാപനം എന്ന് അറിയുമ്പോഴാണ് അതിന്റെ മഹത്വം ബോധ്യപ്പെടുക.
നവല്‍ ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാരത് രത്‌ന ഒഴികേയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ സിവിലിയന്‍ ബഹുമതികള്‍ക്കും അര്‍ഹനായി. ഒക്ടോബര്‍ 9ന് വിടവാങ്ങുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ ഒരു മനുഷ്യസ്‌നേഹിയാണ് മണ്‍മറയുന്നത്.
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ ടീ, ടാറ്റ കെമികല്‍സ്, ടാറ്റ ടെലി സര്‍വീസസ്, ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി തുടങ്ങിയവയുടെ ചെയര്‍മാന്‍ കൂടിയായിരുന്ന രത്തന്‍ ടാറ്റ ഈ സ്ഥാനങ്ങളെല്ലാം 2012 ഡിസംബറിലാണ് ഒഴിഞ്ഞത്.
ഉപ്പില്‍ തുടങ്ങി ഐടി രംഗത്തോളം എത്തി നില്‍ക്കുന്നതാണ് 155 വര്‍ഷം പഴക്കം അവകാശപ്പെടാനുള്ള ജാംഷെഡ്ജി ടാറ്റ സ്ഥാപിച്ച ഈ വ്യവസായിക സാമ്രാജ്യം. ഇന്ത്യയിലേക്കു ലോകോത്തര ആഢംബര കാറുകളായ റേഞ്ച് റോവറും ജാഗ്വറുമെല്ലാം എത്തിച്ചതിന് പിന്നിലും മറ്റൊരു ഗ്രൂപ്പോ, അമരക്കാരനോ ആയിരുന്നില്ല. 100 ബില്യണ്‍ യുഎസ് ഡോളര്‍(83,97,37,00,00,00 ഇന്ത്യന്‍ രൂപ) വാര്‍ഷിക വരുമാനമുള്ള ഗ്രൂപ്പിന് കീഴിലെ നൂറില്‍ അധികം കമ്പനികളിലായി 6.6 ലക്ഷം ജീവനക്കാരാണ് ഇന്ത്യ ഉള്‍പ്പെടെ ആറു വന്‍കരകളിലെ നൂറില്‍ അധികം രാജ്യങ്ങളിലായി ജോലിചെയ്യുന്നത്.
ടാറ്റ ഗ്രൂപ്പിനെക്കുറിച്ചുള്ള ഔദ്യോഗിക പുസ്തകമായ ദ സ്റ്റോറി ഓഫ് ടാറ്റയുടെ രചയിതാവായ പീറ്റര്‍ കാസെയുടെ വാക്കുകള്‍ കടംകൊണ്ടാല്‍ ബിസിനസ്സിനെ മറ്റുള്ളവരുടെ ക്ഷേമത്തിനായി മുതലാളിത്വത്തിന്റെ നുകങ്ങളില്‍നിന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാവാതായനങ്ങളിലേക്കു പരിവര്‍ത്തിപ്പിച്ച മനുഷ്യന്‍ എന്ന് രത്തന്‍ ടാറ്റയെ ചുരുക്കാം.
1962 അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആര്‍ക്കിട്ടെക്ചറില്‍ ബി.എസ്.സി ബിരുദം നേടിയ ശേഷമായിരുന്നു 1962ല്‍ ടാറ്റാ ഗ്രൂപ്പില്‍ ചേരുന്നത്. 1971 നാഷണല്‍ റേഡിയോ ആന്‍ഡ് എലെക്ട്രോണിക്‌സ് കമ്പനിയുടെ (നെല്‍കൊ) ഡയരക്ടറും 1974ല്‍ ടാറ്റാ സണ്‍സിന്റെ ഡയരക്ടറുമായി. 1975ല്‍ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളില്‍നിന്ന് മനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 1977ല്‍ എമ്പ്രെസ്സ് മില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത രത്തന്‍ ടാറ്റ 1981ല്‍ ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി നിയമിതാനായി. 1991ല്‍ ജെ ആര്‍ ഡി ടാറ്റയില്‍ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. വിദേശകമ്പനികള്‍ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായ സാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും രത്തന്‍ ടാറ്റയുടെ നേതൃത്വത്തിന് കീഴിലായിരുന്നു.
അമ്മാവനായ ജെ ആര്‍ ഡി ടാറ്റയെപ്പോലെ രത്തന്‍ ടാറ്റയും കഴിവുറ്റ ഒരു പൈലറ്റ് ആയിരുന്നു. ജെ ആര്‍ ഡിയുടെ വിയോഗത്തോടെയായിരുന്നു രത്തന്‍ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പദവിയിലേക്ക് എത്തുന്നത്. സ്വന്തം ഫാള്‍കന്‍ ബിസിനസ് ജെറ്റ് രത്തന്‍ ടാറ്റ പറത്താറത്തുമായിരുന്നു. എയറോ ഇന്ത്യ 2007ല്‍ പ്രദര്‍ശനത്തിനെത്തിയ എഫ്-16, എഫ്/എ-18 ഫൈറ്റര്‍ വിമാനങ്ങളും ഈ വ്യവസായി പറത്തിയത് അന്ന് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
നൂറു ശതമാനവും ഇന്ത്യയില്‍ തന്നെ രൂപകല്പന പൂര്‍ത്തീകരിച്ചു നിര്‍മ്മിച്ച ആദ്യ കാറുകളായ ഇന്‍ഡിക്കയും നാനോയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലായിരുന്നു ടാറ്റാ മോടോഴ്‌സ് പുറത്തിറക്കിയത്. നാനോയുടെ ലോഞ്ചിന് വളരെ മുന്‍പ് തന്നെ ഇന്ത്യക്കാര്‍ക്കായി താന്‍ ഒരു ലക്ഷം രൂപക്ക് കാര്‍ നല്‍കുമെന്ന് രത്തന്‍ ടാറ്റ പറയുകയും അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയും ചെയ്തത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായ രംഗത്തെ ചരിത്രപരമായ ഒരു ഏടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയും നാനോക്ക് മാത്രം അവകാശപ്പെട്ടതാണ്.