ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കണം; യുഎസ് വെടിവെപ്പിലെ അക്രമിയുടെ തോക്കിലെ വിവരങ്ങൾ

യുഎസിലെ മിനിയാപോളിസിൽ രണ്ട് വിദ്യാർഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 23 വയസുള്ള റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമണാണ് വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്. പ്രാർഥന ചടങ്ങിനിടെയായിരുന്നു ആക്രമണം
വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ സ്കൂളിന്റെ പാർക്കിംഗിൽ അക്രമിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റോബിൻ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലിൽ നിന്ന് ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
തന്റെ പക്കലുള്ള തോക്കുകളടക്കം പ്രദർശിപ്പിച്ചുള്ള വീഡിയോകൾ ഇയാൾ യൂട്യൂബിൽ അപ് ലോഡ് ചെയ്തിരുന്നു. ട്രംപിനെ കൊല്ലുക എന്നും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുക എന്നും അർഥം വരുന്ന ന്യൂക്ക് ഇന്ത്യ എന്നും കൊത്തിവെച്ചിരുന്നതായി വീഡിയോകളിൽ കാണാം. ഇസ്രായേൽ തകരണം, ഇസ്രായേലിനെ ചാമ്പലാക്കണം എന്നും ഇയാളുടെ തോക്കുകളിൽ എഴുതിയിരുന്നു
ആകെ രണ്ട് വീഡിയോകളാണ് യൂട്യൂബ് ചാനലിലുണ്ടായിരുന്നത്. ക്ഷമ ചോദിച്ച് കുടുംബത്തിനായി എഴുതിയ നാല് പേജുള്ള കത്തും പ്രതി വീഡിയോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റൈഫിളും ഷോർട്ട് ഗണും പിസ്റ്റളും അടക്കം മൂന്ന് തോക്കുകൾ ഉപയോഗിച്ചാണ് ഇയാൽ ആക്രമണം നടത്തിയത്.