തിരിച്ചടിച്ച് വിദർഭ: ഡാനിഷ് മലേവറിന് സെഞ്ച്വറി, ക്രീസിൽ നിലയുറപ്പിച്ച് കരുൺ നായരും

രഞ്ജി ട്രോഫി ഫൈനലിൽ തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും തിരിച്ചടിച്ച് വിദർഭ. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഡാനിഷ് മലേവറും കരുൺ നായരും ചേർന്ന് ഇതുവരെ 145 റൺസിന്റെ കൂട്ടുകെട്ടാണ് ഇതുവരെ ഉണ്ടാക്കിയത്. നിലവിൽ വിദർഭ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എന്ന നിലയിലാണ്.
24 റൺസ് എടുക്കുന്നതിനിടെ വിദർഭക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പാർഥ് രഖഡെയെ പുറത്താക്കി എംഡി നിധീഷ് കേരളത്തിന് സ്വപ്‌നതുല്യ തുടക്കമാണ് നൽകിയത്. സ്‌കോർ 11 ൽ നിൽക്കെ ദർശൻ നൽകണ്ടെയെയും നിധീഷ് വീഴ്ത്തി. സ്‌കോർ 24ൽ 16 റൺസെടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ടോണിയും പുറത്താക്കിയതോടെ വിദർഭ കൂട്ടത്തകർച്ചയിലേക്കെന്ന് തോന്നിച്ചു
എന്നാൽ നാലാം വിക്കറ്റിൽ ഡാനിഷും കരുൺ നായരും ചേർന്ന് പതിയെ കളം പിടിക്കുകയായിരുന്നു. തുടക്കത്തിൽ വൻ പ്രതിരോധത്തിലൂന്നിയാണ് ഡാനിഷ് കളിച്ചതെങ്കിലും പിന്നീട് കളിയുടെ ഗിയർ മാറ്റി. 168 പന്തിൽ 12 ഫോറും രണ്ട് സിക്‌സും സഹിതം സെഞ്ച്വറി തികച്ചു. കരുൺ നായർ 47 റൺസുമായി ക്രീസിലുണ്ട്.