ആകാശത്ത് വച്ച് അടിയന്തരാവസ്ഥ; 9000 അടി താഴേക്ക് പതിച്ച് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം : ലണ്ടനിലേക്ക് തിരിച്ചിറക്കി

ബ്രട്ടീഷ് എയർ

ലണ്ടൻ: ഹീത്രൂവിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം പറക്കലിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പിന്നാലെ താഴേക്ക് പതിച്ചു. അയർലൻഡിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ ബോയിംഗ് 777-200ഇആർ വിമാനമാണ് പെട്ടെന്ന് 9000 അടിയോളം താഴേക്ക് പതിച്ചത്.

യാത്ര ആരംഭിച്ച് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങിയത്. തുടർന്ന് ചിക്കാഗോയിലേക്കുള്ള യാത്ര ഉപപേക്ഷിച്ച് വിമാനം ലണ്ടൻ ഹീത്രൂവിലേക്ക് തന്നെ തിരിച്ചുവിട്ടു.


രാവിലെ 11.50ന് ലണ്ടനിലെ ഹീത്രൂ ടെർമിനൽ 5ൽ നിന്നാണ് ഷിക്കാഗോയിലെ ഒഹെയർ എയർപോർട്ടിലേക്ക് വിമാനം പുറപ്പെട്ടത്. ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ അനുസരിച്ച് 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് താഴുകയായിരുന്നു. വിമാനത്തിൽ നിന്ന് അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന '7700' സ്ക്വാക്ക് കോഡ് സന്ദേശമാണ് അയച്ചത്.

അതേസമയം വിമാനത്തിൽപ്രതീക്ഷിക്കാത്ത രീതിയിലുള്ളൊരു തകരാർ ഉണ്ടായതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥയുടെയോ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടീഷ് എയർവേസ് സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വിമാനം ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ഉടനടി സഹായം ആവശ്യമുണ്ടെന്നും എയർ ട്രാഫിക് കൺട്രോളർമാരെ അറിയിക്കാൻ പൈലറ്റുമാർ ഉപയോഗിക്കുന്ന, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സിഗ്നലാണ് '7700' എന്ന കോഡ്.

Tags

Share this story