ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പൈലറ്റ് സ്മിത്ത് മച്ചാറിനും മോദിക്കും നെതന്യാഹുവിന്‍റെ ക്ഷണം
ഇസ്രയേൽ സ്വാതന്ത്ര്യദിന പരിപാടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഫ്ളൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു നേരിട്ട് ക്ഷണിച്ചു. ടെൽ അവീവിലേക്കുള്ള ഒരു ഫ്ലൈദുബായ് വിമാനം തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതിന്, ഇസ്രയേലിന്‍റെയും ഇന്ത്യയുടെയും ലോകത്തിന്‍റെയും മുഴുവൻ 'നായകൻ' എന്നാണ് മച്ചറിനോട് സംസാരിക്കവെ നെതന്യാഹു അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
യുഎഇയിലെ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന 38 വയസുകാരനായ പൈലറ്റുമായി നടത്തിയ വൈകാരിക സംഭാഷണത്തിനിടെ, കോക്ക്പിറ്റിനുള്ളിൽ സഹപൈലറ്റ് തന്നെ ആക്രമിച്ചതെങ്ങനെയെന്ന് നെതന്യാഹുവിനോട് മച്ചാർ വിവരിക്കുകയും, സംഭവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.
'ഞങ്ങളുടെ സ്വാതന്ത്ര്യദിനത്തിൽ ഞങ്ങൾ നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. സാധാരണയായി ഇസ്രയേലി പൗരന്മാർക്കു മാത്രം നീക്കിവച്ചതാണ് ഇത്. എന്നാൽ, ഈ സന്ദർഭത്തിൽ, ഇസ്രയേലിലെ എല്ലാ പൗരന്മാരും താങ്കളെ ആശ്ലേഷിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ, ഇസ്രയേലിൽ താങ്കളെ വളരെ വേഗം കാണാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' നെതന്യാഹു മച്ചാറിനോട് പറഞ്ഞു.
'താങ്കൾ ഇസ്രയേലിന്‍റെയും ഇന്ത്യയുടെയും ലോകത്തിന്‍റെ തന്നെയും നായകനാണ്. ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താങ്കളെയും ഞാൻ ക്ഷണിക്കുന്നു,' ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പിന്നീട് എക്സിൽ കുറിച്ചു.
ആക്രമണത്തിനു മുൻപ് സഹപൈലറ്റ് പ്രാർഥിക്കാൻ ആഗ്രഹിച്ചതായി മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു.
'...അദ്ദേഹം പ്രാർഥിക്കുമ്പോൾ, ബഹുമാനസൂചകമായി ഞാൻ മുന്നിലേക്കു മാത്രം നോക്കി, പിന്നിലേക്കു നോക്കിയില്ല. പെട്ടെന്ന്, ഏകദേശം നാലോ അഞ്ചോ മിനിറ്റിനു ശേഷം, എന്‍റെ തലയുടെ പിന്നിൽ വലിയൊരു പ്രഹരമേറ്റു. വിമാനത്തിന് കനത്ത കേടുപാട് സംഭവിച്ചതാകാം, എന്തോ ശരിയല്ല എന്നായിരുന്നു എന്‍റെ ആദ്യ ചിന്ത. എന്നാൽ, തുടർച്ചയായി പ്രഹരങ്ങൾ ഏറ്റുകൊണ്ടിരുന്നു. അപ്പോഴാണ് ഇത് വിമാനത്തിന്‍റെ പ്രശ്നമല്ല, കോക്ക്പിറ്റിൽ എനിക്കൊപ്പമുണ്ടായിരുന്ന മറ്റേയാളാണ് കാരണമെന്ന് ഞാൻ മനസിലാക്കിയത്,' മച്ചാർ പറഞ്ഞു.
സംഭവത്തിനിടെ പൈലറ്റ് കാഴ്ചവച്ച പ്രവൃത്തികളെ നെതന്യാഹു പ്രശംസിച്ചു.
'താങ്കൾ നിരവധി ജീവനുകൾ രക്ഷിച്ചു. അതിലും വലിയ എന്തോ ഒന്നിനെ താങ്കൾ സംരക്ഷിച്ചു എന്നാണ് ഞാൻ കരുതുന്നത്. ലോകത്തിന്‍റെ ആത്മാവിനെ താങ്കൾ രക്ഷിച്ചു... ലോകമെമ്പാടും ഇത് പ്രകീർത്തിക്കപ്പെടുന്നുണ്ട്. താങ്കൾ ഇസ്രയേലിന്‍റെ നായകനാണ്. താങ്കൾ ഇന്ത്യയുടെ നായകനാണ്. താങ്കൾ ലോകം മുഴുവന്‍റെയും നായകനാണ്,' നെതന്യാഹു മച്ചറിനോട് പറഞ്ഞു.
174 യാത്രക്കാരുമായി ഇസ്രയേലിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം എഫ്സെഡ്1073ൽ ബുധനാഴ്ചയായിരുന്നു സംഭവം. കോക്ക്പിറ്റിനുള്ളിൽ സൂക്ഷിക്കുന്ന അടിയന്തര ഉപകരണമായ ക്രാഷ് ആക്സ് ഉപയോഗിച്ച് സഹപൈലറ്റ് മച്ചറിനെ ആക്രമിച്ചതായാണ് ആരോപണം.
വിമാനം അടിയന്തര സിഗ്നലുകൾ അയച്ചതിനൊപ്പം, 34,000 അടിയിൽനിന്ന് 17,000 അടിയിലധികം പെട്ടെന്ന് താഴ്ന്നു. ഒടുവിൽ സൗദി അറേബ്യയിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. സഹപൈലറ്റായ ഒമാൻ പൗരൻ ഹമാം അൽ-ഹമ്മാമി ഭീകരാക്രമണത്തിനാണു ശ്രമിച്ചതെന്ന ഇസ്രയേലിന്‍റെ ആരോപണം യുഎഇ പിന്നീട് ആവർത്തിച്ചിരുന്നു.
