റഷ്യയിൽ പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരി ദുരൂഹ ന്യൂമോണിയ ബാധിച്ച് മരിച്ചു; ഇരുനൂറോളം പേർ ക്വാറന്റൈനിൽ

പ്ലേഗ്

റഷ്യയിലെ സൈബീരിയയിൽ പ്രവർത്തിക്കുന്ന ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ജീവനക്കാരി അജ്ഞാത ന്യൂമോണിയ ബാധിച്ച് മരിച്ചതിനെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. സൈബീരിയയിലെ ഷെലെഖോവ് നഗരത്തിലുള്ള 'ഇർകുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ' (Irkutsk Anti-Plague Research Institute) ലാബ് അസിസ്റ്റന്റായ ദാരിയ ഷിപിലോവ (28) ആണ് മരിച്ചത്. ഇതേത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ഏകദേശം 200-ഓളം പേരെ റഷ്യൻ ആരോഗ്യവകുപ്പ് ക്വാറന്റൈനിലാക്കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു.

​ഗവേഷണ കേന്ദ്രത്തിൽ സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അറിയാതെ പൊട്ടിയതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വായുവിലൂടെ വേഗത്തിൽ പടരുന്ന 'ന്യൂമോണിക് പ്ലേഗ്' (Pneumonic Plague) ആകാം മരണകാരണമെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും, കൃത്യമായ കാരണം റഷ്യൻ ആരോഗ്യ നിരീക്ഷണ ഏജൻസിയായ 'റോസ്പോട്രെബ്നാഡ്സർ' (Rospotrebnadzor) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാരണം വ്യക്തമല്ലാത്തതും അതിതീവ്രവുമായ ന്യൂമോണിയയാണ് (pneumonia of unknown etiology) മരണകാരണമെന്നാണ് റഷ്യൻ ഔദ്യോഗിക വിവരണം.

​സെപ്റ്റംബർ അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ദിവസങ്ങൾക്കകം വെന്റിലേറ്ററിലാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ബാധിത പ്രദേശത്തെ നിലവിലെ സാഹചര്യം സുരക്ഷിതമാണെന്നും ക്വാറന്റൈനിൽ കഴിയുന്ന ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും റഷ്യൻ പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 

Tags

Share this story