വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടു; ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്

Fly


ജെറുസലേം: ഫ്ലൈ ദുബായ് വിമനാനത്തിലുണ്ടായ ആക്രമണത്തില്‍ ലക്ഷ്യം വിമാനം റാഞ്ചല്‍ തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്ന സഹപൈലറ്റിന്റെ മൊഴി പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. വിമാനം റാഞ്ചി ടെല്‍ അവീവ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കുകയായിരുന്നു ലക്ഷ്യം എന്ന് സഹപൈലറ്റ് ഹമാം അല്‍ ഹമാമി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പൈലറ്റ് സ്മിത്ത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം പ്രധാന വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി താന്‍ ഈ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് കോ-പൈലറ്റ് മൊഴി നല്‍കി. മുമ്പ് ഇതേ വിമാനത്താവളത്തില്‍ ഫ്ലൈ ദുബായ് വിമാനവുമായി എത്തിയപ്പോള്‍ ജൂണ്‍ മാസത്തില്‍ ഇയാള്‍ അവിടെ നിരീക്ഷണങ്ങള്‍ നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും, അന്ന് വിമാനത്തിലെ ഒരു ക്രൂ അംഗം തന്റെ സുഹൃത്തായതിനാലാണ് അവസാന നിമിഷം പദ്ധതി മാറ്റിവെച്ചതെന്നും ഇയാള്‍ പറഞ്ഞു. അപായസൂചനകള്‍ പുറത്തുപോകാതിരിക്കാന്‍ വിമാനം ജോര്‍ദാന് മുകളിലെത്തുന്നത് വരെ ഇയാള്‍ കാത്തിരുന്നു. തുടര്‍ന്ന് വിമാനത്തിലെ എമര്‍ജന്‍സി ആക്‌സ് ഉപയോഗിച്ച് ഇന്ത്യന്‍ പൈലറ്റായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കാണിച്ച ധീരതയാണ് വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണമായത്. ആക്രമണത്തിനിടയിലും കോക്പിറ്റ് തുറക്കാനുള്ള സ്വിച്ച് അമര്‍ത്താന്‍ ക്യാപ്റ്റന് സാധിച്ചു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറി കോ-പൈലറ്റിനെ വലിഞ്ഞുമുറുക്കി കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തിരമായി ഇറക്കി. 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നിലവില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ കസ്റ്റഡിയിലുള്ള പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

Tags

Share this story