ഉക്രൈനിലെ ഇന്ത്യൻ മരുന്ന് നിർമാണ ശാലക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; 400 കോടിയുടെ നഷ്ടം

യുക്രൻ

ഉക്രൈനിലെ സുമിയിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള കുസും ഗ്രൂപ്പിന്റെ മരുന്ന് നിർമാണ ശാലയ്ക്ക് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽസ് പ്ലാന്റിന്റെ പ്രധാന കെട്ടിടം ആക്രമണത്തിൽ പൂർണ്ണമായും തകർന്നു. പ്രദേശം പുകപടലങ്ങളാൽ മൂടപ്പെട്ട നിലയിലാണ്. ഏകദേശം 400 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.

1994 ൽ ഇന്ത്യൻ മരുന്നുകൾ ഉക്രൈനിലേക്ക് കയറ്റുമതി ചെയ്യുന്ന വിതരണക്കാരായാണ് കുസും ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയത്. ഇന്ത്യൻ പൗരനായ രാജീവ് ഗുപ്തയാണ് നിലവിൽ ഇത് നടത്തുന്നത്. 2002 ൽ മറ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ച് സ്വന്തം ബ്രാൻഡുകൾ വിപണിയിലിറക്കി. തുടർന്ന് 2007 ൽ ഇന്ത്യയിലും 2009 ൽ ഉക്രൈനിലെ സുമിയിലും നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുകയായിരുന്നു. അമ്പതിലധികം ജനറിക് ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനി ഉക്രൈൻ, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ, ഫിലിപ്പീൻസ് ഉൾപ്പെടെ ഒമ്പതിലധികം രാജ്യങ്ങളിൽ മരുന്നുകൾ വിപണനം ചെയ്യുന്നുണ്ട്.

സംഭവത്തെ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അപലപിച്ചു. കീവിലെ പിവ്നിക്നി പാലത്തിന് നേരെയും സുമിയിലെ ഫാർമസ്യൂട്ടിക്കൽ വെയർഹൗസിന് നേരെയും ഡ്രോൺ ആക്രമണം നടന്നതായും ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുന്നതായും സെലെൻസ്കി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കൂടാതെ ഡിനിപ്രോയിലെ കമ്മ്യൂണിക്കേഷൻസ് സൗകര്യത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.

വേഗതയേറിയ ജെറ്റ് പവേർഡ് ഷഹെദ് ഡ്രോണുകളാണ് ആക്രമണത്തിനായി റഷ്യ ഉപയോഗിച്ചത്. അതേസമയം 250 കിലോമീറ്റർ പരിധിയുള്ള തദ്ദേശീയമായി നിർമ്മിച്ച എഫ് പി 7 ബാലിസ്റ്റിക് മിസൈൽ ഉക്രൈൻ ആക്രമണത്തിന് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.

Tags

Share this story