ന്യൂസ്‌റൂം ഒന്നാകെ കസ്റ്റഡിയിൽ; ഈജിപ്ഷ്യൻ മാധ്യമപ്രവർത്തകനെതിരെ ഭീകരവിരുദ്ധ കുറ്റം ചുമത്തി

വേൾഡ്

കെയ്‌റോ: ഈജിപ്തിൽ സ്വതന്ത്ര ഡിജിറ്റൽ മാധ്യമ സ്ഥാപനമായ 'മത്സദാഷ്' (Matsaddash)-ന്റെ ന്യൂസ്‌റൂം മുഴുവൻ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, മാധ്യമപ്രവർത്തകരിൽ ഒരാൾക്കെതിരെ ഭീകരവാദ കുറ്റം ചുമത്തി ഈജിപ്ഷ്യൻ അധികൃതർ.

​സ്ഥാപനത്തിലെ ആറ് മാധ്യമപ്രവർത്തകരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലീസും സുരക്ഷാ ഏജൻസികളും ചേർന്ന് കസ്റ്റഡിയിലെടുത്തത്. നിരോധിത സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്നും രാജ്യത്തിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ വിദേശത്തുനിന്ന് ധനസഹായം കൈപ്പറ്റിയെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം.

​എന്നാൽ ഈ ആരോപണങ്ങൾ സ്ഥാപനത്തിന്റെ സ്ഥാപകരും മനുഷ്യാവകാശ സംഘടനകളും ശക്തമായി തള്ളി. മാധ്യമപ്രവർത്തനം നടത്തിയതിന്റെ പേരിൽ ഭീകരവിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്ത് മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഈജിപ്ഷ്യൻ ഇനിഷ്യേറ്റീവ് ഫോർ പേഴ്‌സണൽ റൈറ്റ്‌സ് (EIPR) ആരോപിച്ചു.

​ചോദ്യം ചെയ്യലിന് ശേഷം ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും കസ്റ്റഡിയിലുള്ള മറ്റ് അഞ്ച് മാധ്യമപ്രവർത്തകർ ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇവരെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags

Share this story