അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കുമെന്ന് ട്രംപ്

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണ് നീക്കം. പെന്റഗണിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഇതുസംബന്ധിച്ച ഉത്തരവ് നൽകുമെന്ന് ട്രംപ് അറിയിച്ചു. ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലാണ് അതിസുരക്ഷാ ജയിൽ സ്ഥിതി ചെയ്യുന്നത്. പിടിയിലായ ഭീകരരാണ് ജയിലിൽ കൂടുതലും. ഇവിടേക്കാണ് കുടിയേറ്റക്കാരെ മാറ്റാൻ ട്രംപിന്റെ നീക്കം. അമേരിക്കൻ ജനതക്ക് ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരെ തടങ്കലിൽ വെക്കാൻ ഈ സൗകര്യം ഉപയോഗിക്കും. ഇവരിൽ ചിലർ മോശക്കാരാണ്. അവരുടെ രാജ്യങ്ങൾ പോലും അവരെ സ്വീകരിക്കില്ല. അവർ തിരിച്ചുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഗ്വാണ്ടനാമോയിലേക്ക് അയക്കുന്നതെന്നും ട്രംപ് പറഞ്ഞു. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം വിദേശ ഭീകരരെന്ന് സംശയിക്കുന്നവരെ തടങ്കലിൽ വെക്കാനാണ് അമേരിക്ക ഗ്വാണ്ടനാമോയിൽ ജയിൽ തുറന്നത്.

Tags

Share this story