Gulf

‘സീറോ ബ്യൂറോക്രസി’: തൊഴില്‍ സേവനങ്ങള്‍ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റി യുഎഇ

അബുദാബി: രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ സര്‍ക്കാര്‍ തലത്തിലെ സേവനങ്ങളില്‍ താലതാമസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സീറോ ബ്യൂറോക്രസി’ പരിപാടിയുടെ ഭാഗമായി തൊഴില്‍ സേവനങ്ങള്‍ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റി യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. ഇതോടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും റദ്ദാക്കലും ക്ലേശരഹിതമായി മാറും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് നേരത്തെ നേരിട്ട് മന്ത്രാലയം ഓഫീസ് സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു.

മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തി ചെയ്യാന്‍ കഴിയും. ഇതോടെ ഇവ രണ്ടിനുമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങളും ആവശ്യതകളും പൂര്‍ണമായും ഒഴിവാക്കപ്പെടും. അപേക്ഷകളുടെ പ്രോസസ്സിങ് സമയം പരമാവധി ഒരു പ്രവൃത്തി ദിവസമായി ഇത് കുറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതിന് പ്രത്യേകമായി രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത. നേരത്തേ രണ്ട് ദിവസമെടുത്തിരുന്ന വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ പ്രക്രിയ ഒരു ദിവസംകൊണ്ട് പൂര്‍ത്തിയാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി)യുമായി മന്ത്രാലയം സിസ്റ്റത്തെ സംയോജിപ്പിച്ചതിലൂടെയാണ് ഇത് സാധ്യമായത്. രാജ്യത്തിന് പുറത്തുള്ള ജീവനക്കാര്‍, മരിച്ച വ്യക്തികള്‍, പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍, ഉപയോഗിക്കാത്ത വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവ കാരണം വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുമ്പോള്‍ പുതിയ സംവിധാനം അനുസരിച്ച് നടപടിക്രമങ്ങളും രേഖകളും ആവശ്യമില്ലെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button