അമേരിഗോ വെസ്പൂച്ചി ദോഹ തീരത്തെത്തി; ഞായറാഴ്ച തീരം വിടുന്ന കപ്പലിലേക്ക് പ്രവേശനം സൗജന്യം
ദോഹ: ദേശീയ ദിനത്തിന്റെ ആരവങ്ങളിലേക്ക് രാജ്യം കടന്നിരിക്കേ ഖത്തര്‍ നിവാസികള്‍ക്ക് വിരുന്നൊരുക്കി ദോഹന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ് വിഖ്യാത ഇറ്റാലിയന്‍ കപ്പലായ അമേരിഗോ വെസ്പൂച്ചി. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 മുതല്‍ 21 വരെയാണ് സന്ദര്‍ശനം അനുവദിക്കുക. രാവിലെ 10 മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ ഏഴുവരെയുമാണ് സന്ദര്‍ശന സമയം. 20ന് വൈകിയിട്ട് അഞ്ചു മണി വരെയേ പ്രവേശനം അനുവദിക്കൂ.
പ്രവേശനം സൗജന്യമാണെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് കപ്പലിനകത്തെ കാഴ്ചകളിലേക്ക് പോകാനാവുക. ഞായറാഴ്ചയോടെ കപ്പല്‍ തീരംവിടും. ചരിത്രം സ്പന്ദിക്കുന്ന കപ്പലിലെ സന്ദര്‍ശനം വേറിട്ടൊരു അനുഭവമായിരിക്കും. ഈ മാസം 15നാണ് അമേരിഗോ വെസ്പൂച്ചി ലോക പര്യടനം ആരംഭിച്ചത്. കഴിഞ്ഞ 93 വര്‍ഷമായി ഈ കപ്പല്‍ ലോകം ചുറ്റുന്നുണ്ടെങ്കിലും ആദ്യമായാണ് ദോഹ തീരത്തേക്കു എത്തുന്നത്. മറ്റൊരു ഇറ്റാലിയന്‍ കപ്പാലായ വില്ലാജിയോയും തുറമുഖത്തെത്തിയിട്ടുണ്ട്. ഈ കപ്പലിലേക്കുള്ള സന്ദര്‍ശനവും സൗജന്യമാണ്. https://tourvespucci.it/en/doha-december-2024/ എന്ന സൈറ്റിലൂടെയാണ് ബുക്കിങ് പൂര്‍ത്തീകരിക്കേണ്ടത്.