
ഷാര്‍ജ: റമദാനിലെ വിശുദ്ധ ദിനങ്ങള്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എമിറേറ്റില്‍ പകല്‍ സമയത്ത് ഭക്ഷണം തയ്യാറാക്കാനും പ്രദര്‍ശിപ്പിക്കാനും വില്പന നടത്താനും പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് ഷാര്‍ജ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. അനുമതി ലഭിക്കാനുള്ള ഫീസ് 3,000 ദിര്‍ഹമാണ്.
അനുമതിയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ഇഫ്താറിന് മുന്‍പുള്ള പകല്‍ സമയത്ത് ഭക്ഷണം പരസ്യമായി പ്രദര്‍ശിപ്പിച്ചു വില്‍പ്പന നടത്താന്‍ സാധിക്കൂ. ഷോപ്പിംഗ് മാളുകള്‍ക്ക് ഉള്‍പ്പെടെയുള്ളവക്ക് നിയമം ബാധകമായിരിക്കുമെന്ന് ഷാര്‍ജ നഗരസഭ അറിയിച്ചു. അടുക്കളകളില്‍ മാത്രമേ ഭക്ഷണം തയ്യാറാക്കാനും പാകം ചെയ്യാനും അനുവദിക്കൂ. ഭക്ഷണം ഡൈനിങ് മേഖലയില്‍ വിളമ്പുന്നതിന് അനുവാദം ഉണ്ടാകില്ല. റസ്റ്റോറന്റുകള്‍ കഫെറ്റീരിയലുകള്, ബേക്കറികള്‍, മധുര പലഹാര വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവക്കാണ് എല്ലാ വര്‍ഷവും റമദാന് കാലത്ത് പ്രത്യേക അനുമതി നഗരസഭ നല്‍കുന്നത്. ഇതിനായി രണ്ട് വ്യത്യസ്ത ഫീസ് രീതികളാണ് നടപ്പാക്കുന്നതെന്നും ഈ പെര്‍മിറ്റുകള്‍ നഗരസഭ അനുവദിച്ചു തുടങ്ങിയതായും അധികൃത വിശദീകരിച്ചു