സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം; ഷാര്‍ജയില്‍ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു
ഷാര്‍ജ: സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ അല്‍ സിയൂഹില്‍ 27 കാരനായ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. ഇന്നലെ പുലര്‍ച്ചെ 12.40ന് ആയിരുന്ന ഷാര്‍ജ പൊലിസിന്റെ ഓപറേഷന്‍സ് റൂമില്‍ ഇതുമായി ബന്ധപ്പെട്ട വിവരം എത്തിയത്. ഉടന്‍ നാഷ്ണല്‍ ആംബുലന്‍സ് സര്‍വിസ് സ്ഥലത്തെത്തി കാലില്‍ ആഴത്തില്‍ മൂന്നു കുത്തേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വഴക്കിലേക്കും കുത്തേല്‍ക്കുന്നതിലേക്കും നയിച്ചിരിക്കുന്നതെന്നു ഷാര്‍ജ പൊലിസ് അറിയിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ 10 മണിക്കൂറിനുള്ളില്‍ തന്നെ ഷാര്‍ജ പൊലിസ് പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളാണ് കുത്തിമുറിവേല്‍പ്പിച്ചതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പൊലിസ് വെളിപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. സംഭവത്തിന്റെ വെളിച്ചത്തില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് പൊലിസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.