കുവൈത്തില്‍ അരലക്ഷത്തിലേറെ ട്രാഫിക് ലംഘനങ്ങള്‍
പരിശോധനയ്ക്കിടെ 182 വാഹനങ്ങളും 18 മോട്ടോര്‍ സൈക്കിളുകളും അധികൃതര്‍ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യാപകമായ വാഹന പരിശോധയില്‍ അര ലക്ഷത്തിലേറെ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടന്നതായി അധികൃതര്‍ അറിയിച്ചു. 2024 ഓഗസ്റ്റ് 4 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ 1,142 അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇതിനു പുറമെ 209 ഇടങ്ങളില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാ ഗവര്‍ണറേറ്റുകളിലും കഴിഞ്ഞ ആഴ്ച നടത്തിയ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് കാമ്പെയ്‌നുകളിലാണ് രാജ്യത്ത് മൊത്തം 50,175 വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടിയത്. ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ്, അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വിസ കാലാവധി കഴിഞ്ഞുള്ള താമസം, സ്‌പോണ്‍സര്‍മാരില്‍നിന്നുള്ള ഒളിച്ചോട്ടം തുടങ്ങി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പോലിസ് തിരയുന്ന 22 പ്രതികളും പരിശോധനയ്ക്കിടയില്‍ പിടിയിലായവരില്‍ ഉള്‍പ്പെടും. പരിശോധനയ്ക്കിടെ 182 വാഹനങ്ങളും 18 മോട്ടോര്‍ സൈക്കിളുകളും അധികൃതര്‍ പിടിച്ചെടുത്തു. കൂടാതെ ഡ്രൈവിങ് നിയമലംഘനത്തിന് 32 പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.