പുതുവര്‍ഷം: ഡിസംബര്‍ 31ന് ശൈഖ് സായിദ് റോഡ് ഉള്‍പ്പെടെയുള്ളവ അടച്ചിടും
ദുബൈ: പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ നഗരം തകൃതിയായി അണിഞ്ഞൊരുങ്ങവേ ശൈഖ് സായിദ് റോഡ് ഉള്‍പ്പെടെ നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും ഡിസംബര്‍ 31ന് അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശൈഖ് സായിദ് റോഡിന്റെ ഡൗണ്ടൗണ് മേഖലയാണ് അടച്ചിടുന്നതില്‍ പ്രധാനം. ശൈഖ് സായിദ് റോഡ് പുതുവര്‍ഷത്തലേന്ന് വൈകിയിട്ട് നാലു മുതലാവും അടച്ചിടുകയെന്ന് ആര്‍ടിഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഡൗണ്ടൗണ് ദുബൈ മേഖലയിലേക്ക് പുറപ്പെടുന്നവര്‍ നേരത്തെ യാത്ര ആരംഭിക്കണമെന്നും ഇതിനായി പൊതുഗതാഗത മാര്‍ഗത്തെ ആശ്രയിക്കണമെന്നും ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഹുസൈന് അല്‍ ബന അഭ്യര്‍ഥിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബോളിവാര്‍ഡ്, ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിന്റെ ലോവര്‍ ഡെക്ക്, അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ്, ബുര്‍ജ് ഖലീഫ സ്ട്രീറ്റ്, ഊദ് മേത്തയില്നിന്നും ബുര്‍ജ് ഖലീഫയിലേക്ക് വരുന്ന അല്‍ അസായല്‍ റോഡ്, അല്‍ സുകൂക്ക് സ്ട്രീറ്റ്, ഫിനാന്‍ഷ്യല്‍ റോഡിന്റെ അപ്പര്‍ ലെവല്‍ എന്നിവയാണ് വൈകിയിട്ട് നാലു മുതല്‍ പ്രധാനമായും അടക്കുക. രാത്രി 11 മണിയാവുമ്പോഴേക്കും ശൈഖ് സായിദ് റോഡ് പൂര്‍ണമായും അടയ്ക്കുമെന്നുമാണ് ലഭിക്കുന്ന സൂചന.