പവിത്ര: PART 28

പവിത്ര: PART 28

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

പെട്ടെന്നുള്ള പവിത്രയുടെ ചോദ്യത്തിൽ ഒരു അക്ഷരം ഉരിയാടാനാവാതെ ഞെട്ടി ഇരുന്നു പോയി ഡേവിഡ്. അവന്റെ ഇരിപ്പ് കണ്ടിട്ട് ഈ ലോകത്ത് എങ്ങും അല്ലേ എന്ന് പോലും പവിത്രക്ക് തോന്നി.

” ചോദിച്ചത് കേട്ടില്ലേ മിസ്റ്റർ ഡേവിഡ്…അതിൽ വല്ല സത്യവും ഉണ്ടോ ”

ദേഷ്യം വരുമ്പോൾ ആണല്ലോ ഈ
മിസ്റ്റർ ഡേവിഡ് വിളി… അപ്പൊ ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഹിറ്റ്ലർ ദീദി എന്നെ എന്തായിരിക്കും ചെയ്യാൻ പോകുന്നത് മാതാവേ.. !
എന്തായാലും ഹിറ്റ്ലറിന്റെ കൈയ്യുടെ അടുത്ത് നിന്ന് ലേശം നീങ്ങി ഇരിക്കാം…
ഡേവിച്ചൻ പതിയെ പവിത്രയുടെ അരികിൽ നിന്നും നീങ്ങി മാറി.

എന്നിട്ട് ഇരുകവിളിലും സ്വന്തം കൈ വെച്ച് കൊണ്ട് അവളെ ദയനീയമായി നോക്കി.

” ഇല്ല ആ മുഖത്ത് അല്പ്പം പോലും ദയ ഇല്ല… ഇന്ന് എന്തും നടക്കും ”
അങ്ങനെ മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ഏത് സമയത്തും ഓടാൻ തയാറാണെന്ന പോലെ കാലുകൾ ശരിയായി വെച്ചു. ചിലപ്പോൾ കുളത്തിൽ പിടിച്ചു മുക്കിയാലോ..

” അതിലും ഭേദം സ്വയം അങ്ങ് ചാടുന്നതാ ”
ആത്മഗതം പറഞ്ഞത് കുറച്ചു ഉറക്കെ ആയി പോയി.

” ഇയാൾ എന്താ പിറുപിറുത്തോണ്ടു നിൽക്കുന്നത്…മര്യാദക്ക് ഉള്ളത് ഉള്ളത് പോലെ പറഞ്ഞോ… ”
പിന്നെയും ഗൗരവത്തോടെയുള്ള പവിത്രയുടെ സ്വരം അവന്റെ കാതിൽ പതിച്ചു.

” എനിക്ക് ഇഷ്ടമാ തന്നെ ”
അത്രയും പറഞ്ഞൊപ്പിച്ചിട്ട് കവിളും പൊത്തി കണ്ണുമടച്ചു ഡേവിച്ചൻ നിന്നു.കുറച്ചു നേരം കഴിഞ്ഞിട്ടും പവിത്രയുടെ ഭാഗത്ത് നിന്നും അനക്കം ഒന്നും ഉണ്ടായില്ലെന്ന് കണ്ടപ്പോൾ അവൻ ഒരു കണ്ണ് തുറന്നു അവളെ നോക്കി.അവൾ വെള്ളത്തിലേക്ക് നോക്കി ഇരിക്കയായിരുന്നു അപ്പോൾ.
കുഴപ്പമില്ല എന്ന് ഉറപ്പാക്കിയിട്ട് രണ്ട് കണ്ണും തുറന്ന് കവിളിൽ നിന്നും കൈ മാറ്റി അവളുടെ അടുത്തേക്ക് ചെന്നു.

പെട്ടെന്നാണ് കൈ ചൂണ്ടി കൊണ്ട് പവിത്ര തിരിഞ്ഞത്… അടിക്കാൻ വരുവാണെന്ന് പേടിച്ചു ഡേവിച്ചൻ ഞെട്ടി ഒരടി പുറകിലേക്ക് മാറി…

” ഡോ ഇതും മനസ്സിൽ വെച്ചോണ്ട് ആണോ അപ്പൊ താൻ എന്നോട് സുഹൃത്തിനെ പോലെ സംസാരിച്ചു കൊണ്ടിരുന്നത്. ”

” അയ്യോ അങ്ങനല്ല പവിത്ര എന്നെ തെറ്റിദ്ധരിക്കരുത്… തന്റെ സൗഹൃദം നേടുന്നതിന് മുൻപേ എനിക്ക് തന്നെ ഇഷ്ടം ആയിരുന്നു…
പക്ഷേ അത് തുറന്നു പറയാനോ പ്രകടിപ്പിക്കാനോ എനിക്ക് അവസരം കിട്ടിയില്ല… ”

ഒന്നും മനസ്സിലാകാത്ത ഭാവത്തിലുള്ള പവിത്രയുടെ നോട്ടം കണ്ടപ്പോൾ തന്റെ മനസ്സ് തുറക്കാൻ നേരമായെന്ന് അവന് തോന്നി.

” പവിത്ര കരുതുന്നത് പോലെ ഇപ്പൊ ഇവിടെ വന്നപ്പോൾ തന്റെ കഥകൾ ഒക്കെ അറിഞ്ഞപ്പോൾ തോന്നിയ ഒരു ഇഷ്ടം അല്ല എനിക്ക് തന്നോട്…
പതിനഞ്ചു വർഷങ്ങൾക് മുൻപ് ഇവിടെ വന്നപ്പോൾ എന്റെ ഉള്ളിൽ പതിഞ്ഞു പോയൊരു മുഖമാണ് തന്റേത്…

അന്ന് താൻ എന്നോട് ചോദിച്ചില്ലേ എന്നെ ഓർത്തിരിക്കാനും മാത്രം ഓർമ്മകൾ ഒന്നും നൽകിയല്ലല്ലോ ഞാൻ പോയതെന്ന്… !
ശരിയാണ് തന്റെ ഓർമ്മകളിൽ എവിടെയും എനിക്ക് ഒരു സ്ഥാനം ഉണ്ടാകാൻ ഒരു വഴിയുമില്ല… കാരണം ഓരോ നിമിഷവും എന്റെ കണ്ണുകൾ തന്നെ പിന്തുടരുമ്പോൾ, പ്രണയത്തോടെ നോക്കുമ്പോൾ… തന്റെ മിഴികളിലെ പ്രണയം മുഴുവൻ മാധവിലേക്ക് ഒഴുകുക ആയിരുന്നു. ”

ഒന്ന് നിർതിയിട്ട് ഡേവിച്ചൻ മെല്ലെ വീണ്ടും പറഞ്ഞു തുടങ്ങി.

” ആദ്യത്തെ വരവിൽ തന്നെ എനിക്ക് തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു പോയതാണ്.. അത് ഞാൻ രാജേഷിനോട് പറഞ്ഞതുമാണ്…
അവൻ തന്നെയാണ് പറഞ്ഞത് ജോലി ആയി കഴിഞ്ഞിട്ട് പവിത്രയോട് പോയി ഇഷ്ടം പറഞ്ഞാൽ മതിയെന്ന്…
അവൾക്കും ഇഷ്ടമാണെങ്കിൽ അവൻ കൂടെ നിൽക്കാം എന്ന്…
ജോലിയുടെ കാര്യം എല്ലാം ഓക്കേ ആയതിനു ശേഷം ആണ് മാധവിന്റെ ഒപ്പം ഞാൻ വീണ്ടും ഇവിടേക്ക് വന്നത്.
അപ്പോഴാണ് തന്റെ വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഒക്കെ നടന്നെന്ന് മാധവ് പറഞ്ഞു അറിഞ്ഞത്.
ആ നിമിഷം ഇയാളുടെ അരികിൽ എത്തണമെന്നും ആശ്വസിപ്പിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. എന്റെ മനസ്സിലുള്ളത് ഞാൻ മാധവിനോട് പറഞ്ഞു.
അതാണ് എനിക്ക് പറ്റിയ തെറ്റ് ”
മാധവിനോടുള്ള അമർഷം ആയിരുന്നു ഡേവിഡിന്റെ മുഖത്ത് അപ്പോൾ.

” അതെന്താ അങ്ങനെ പറഞ്ഞത് ”
പവിത്രയ്ക്ക് അറിയാൻ തിടുക്കമായി.

” നിങ്ങൾ തമ്മിൽ പ്രണയത്തിൽ ആണെന്നും വിവാഹം ഉടനെ ഉണ്ടാകും എന്നാണ് അവൻ എന്നോട് അപ്പോൾ പറഞ്ഞത്. അന്ന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഒന്നുമറിയാതെ കൂട്ടുകാരന്റെ പെണ്ണിനെ മോഹിച്ചത് തെറ്റ് തന്നെയാണെന്നുള്ളത് എന്നെ അലട്ടി കൊണ്ടിരുന്നു.
എത്രയും പെട്ടെന്ന് നിങ്ങൾക്കിടയിൽ നിന്നും ഓടി ഒളിക്കാൻ എന്റെ മനസ്സ് വെമ്പൽ കൊള്ളുക ആയിരുന്നു.
എന്നാൽ മാധവ് അങ്ങനെ എന്നെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല.

താൻ അന്ന് മാധവിനോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവനെ രാത്രിയിൽ ഇവിടേക്ക് വിളിപ്പിച്ചപ്പോൾ അവൻ എന്നെയും കൂട്ടി ആണ് വന്നത്.
വഴിയരികിൽ അവനെ കാത്ത് ഞാൻ നിന്നു.
ഒരുപാട് വൈകി തിരിച്ചു വന്ന അവൻ എന്നോട് പറഞ്ഞത് എല്ലാ അർത്ഥത്തിലും നിങ്ങൾ ഒന്നായി മാറിയെന്നാണ്.
കൂട്ടുകാരന്റെ പെണ്ണെന്ന് അറിഞ്ഞിട്ടും മറക്കാൻ തയാറാകാത്ത മനസ്സിന് അത് താങ്ങാൻ പറ്റുന്നതിലും അധികം ആയിരുന്നു…… ”

ഡേവിഡ് പറഞ്ഞ കാര്യങ്ങൾ കേട്ട് ആകെ പകച്ചു ഇരിക്കുക ആയിരുന്നു പവിത്ര. ഒക്കെയും പറയുമ്പോൾ അവന്റെ മുഖത്ത് മിന്നി മറയുന്ന സങ്കടം, ദേഷ്യം എന്ന വികാരങ്ങൾ കാൺകെ പറയുന്ന ഓരോ വാക്കുകളും സത്യം തന്നെയെന്ന് അവൾക്ക് ബോധ്യം വരുന്നുണ്ടായിരുന്നു.

” തകർന്നു നിൽക്കുന്ന എന്നെ കണ്ടു അന്ന് അവൻ ഉള്ളിൽ ചിരിക്കുക ആയിരുന്നു എന്ന് അറിയാൻ ഞാൻ ഒരുപാട് താമസിച്ചു. ഒരു വാക്ക് അവൻ പറഞ്ഞാൽ മതിയാരുന്നു പവിത്ര എന്ന പെൺകുട്ടി അവന് വെറും ടൈം പാസ്സ് മാത്രമാണെന്ന്….
ഞാൻ ഇട്ടെറിഞ്ഞു പോകില്ലായിരുന്നു… ”

” ഇങ്ങനെയും ചില കാര്യങ്ങൾ ഇതിനിടയിൽ ഉണ്ടായിരുന്നോ… കൊള്ളാം
അതുപോട്ടെ ഇപ്പോൾ എന്തിനാ ഡേവിഡ് ഇങ്ങോട്ടേക്കു തന്നെ വന്നത്…. മാധവ് ഉപയോഗിച്ചിട്ട് ഇട്ടെറിഞ്ഞു പോയ എന്നെ സ്വീകരിക്കാനോ ”
പരിഹാസത്തോടെ പവിത്ര അവനെ നോക്കി.

” ഇവിടെ നിന്നും നോവുന്ന മനസ്സുമായി പോയ എനിക്ക് അതിലും തകർക്കുന്ന ദുരന്തം കാത്തിരിപ്പുണ്ടായിരുന്നു.
എനിക്ക് അമ്മ മാത്രേ ഉണ്ടായിരുന്നുള്ളെടോ… അച്ഛൻ എന്റെ കുഞ്ഞിലേ മരിച്ചതാണ്…
എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ആകെ ഉണ്ടായിരുന്ന അമ്മയുടെ മരണം എന്നെ മൊത്തത്തിൽ തകർത്തു.
പിന്നെ ആരുമായും ഒരു കോണ്ടാക്റ്റും ഇല്ലാതെ ഒറ്റയ്ക്ക് ഉള്ള ജീവിതം ആയിരുന്നു. ആദ്യം ഒക്കെ തന്റെ ഓർമ്മകൾ വരുമായിരുന്നു എങ്കിലും പിന്നെ പിന്നെ ഓർക്കാതായി..

ഇതിനിടയിൽ മാധവ് രമ്യയെ വിവാഹം ചെയ്തതോ രാജേഷിന്റെ വിവാഹം കഴിഞ്ഞതൊ താൻ ഒറ്റയ്ക്ക് ഇങ്ങനെ ജീവിക്കുന്നതോ ഒന്നും ഞാൻ അറിഞ്ഞില്ല…
ദൈവം വിധിച്ചത് പോലെ രാജേഷിന്റെ മുന്നിൽ വീണ്ടും വന്നുപെട്ടു.
അപ്പോഴാണ് എല്ലാം അറിയുന്നത്. ”

” മ്മ് ഡേവിഡ് പൊക്കൊളു ”
അവന്റെ മുഖത്തേക്ക് നോക്കാതെ പവിത്ര പറഞ്ഞു.

ഇത്രയും പറഞ്ഞിട്ടും അതിന് ഒരു പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് കമ്മന്റ് അവളുടെ ഭാഗത്ത്‌ നിന്നും കിട്ടാത്തതിൽ ഡേവിച്ചന് നിരാശ തോന്നി.

” കണ്ടോ അമ്മേ രണ്ടുപേരും കൂടെ സംസാരിച്ചു ഇരിക്കുന്നത്… ഇവിടെ ആരോടെങ്കിലും ഇത്രയും നേരം കഥ പറഞ്ഞു ചേച്ചി ഇരിക്കുമോ ”
പവിത്രയുടെ മുറിയിലെ ജനലിലൂടെ പവിത്രയെയും ഡേവിഡിനെയും നോക്കുക ആയിരുന്നു സൗമ്യയും പത്മവും.

” ഡേവിച്ചായന് പവിത്രേച്ചിയെ ഇഷ്ടമാണ്…
എനിക്ക് തോന്നുന്നത് ചേച്ചിക്കും തിരിച്ചു ഇഷ്ടം ആണെന്ന് ആണ്… അങ്ങനെ ആണേൽ നമ്മുക്ക് അവരുടെ വിവാഹം നടത്തരുതോ അമ്മേ ”

പത്മത്തിന്റെ മനസ്സിലും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു.

” രണ്ടുപേർക്കും ഇഷ്ടം ആണേൽ നമ്മുക്ക് ആലോചിക്കാം…..ഞാൻ അവളോട് സംസാരിക്കാം ഇങ്ങ് വരട്ടെ ”
പത്മം പറഞ്ഞത് കേട്ടപ്പോൾ സൗമ്യക്ക് സന്തോഷമായി.

പൊയ്ക്കോളാൻ പറഞ്ഞിട്ടും പോകാതെ അവിടെ തന്നെ ഡേവിഡ് നിൽക്കുന്നത് കണ്ട് പവിത്ര സംശയത്തോടെ അവനെ നോക്കി.

” എന്താ ഇവിടെ തന്നെ നിൽക്കുന്നത്… പോകുന്നില്ലേ ”

” അത് പിന്നെ ഞാൻ ഇത്രയും പറഞ്ഞല്ലോ… എന്നിട്ട് തനിക്ക് എന്നോട് ഒന്നും പറയാനില്ലേ ”
കണ്ണുകളിൽ കുറുമ്പും ചിരിയിൽ കുസൃതിയുമായി ഡേവിച്ചൻ മറുപടിക്കായി കാത്തു.

” ഞാൻ എന്ത് പറയാനാ ”
അവൾ നിസ്സംഗതയോടെ ചോദിച്ചു.

” ഓ ഒന്നുമില്ല ”
അവൻ ദേഷ്യത്തോടെ അവളുടെ അടുത്ത് നിന്നും പത്തായപ്പുരയിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞ് പവിത്രയും വീട്ടിലേക്ക് പോയി.

” ഇത്രയും നേരം നീ എവിടായിരുന്നു പവിത്രേ ”

പത്മം അവളെ കണ്ടപാടെ കപട ഗൌരവം നടിച്ചു ചോദിച്ചു.ഒപ്പം സൗമ്യയും ഉണ്ടായിരുന്നു… എന്തോ കണ്ടുപിടിച്ചെന്ന പോലൊരു കള്ളചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു നിന്നു.

” ഞാൻ എവിടെ ആയിരുന്നു , ആരോട് സംസാരിക്കുവായിരുന്നു എന്നൊക്കെ നിങ്ങൾ രണ്ടുപേരും ജനലിൽ കൂടി നേരിട്ട് കണ്ടറിഞ്ഞതല്ലേ…
പിന്നെ എന്തിനാണ് ഈ പ്രഹസനം ”

പവിത്ര അമ്മയ്ക്ക് അഭിമുഖമായി കൈ കെട്ടി നിന്നു.
പത്മവും സൗമ്യയും കാര്യമായി തന്നെ ഒന്ന് ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ പത്മം തുടർന്നു.

” ആ അത് കണ്ടത് കൊണ്ട് തന്നാ എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിച്ചു വ്യക്തത ഉണ്ടാക്കേണ്ടതുണ്ട്….
നീയും ഡേവിച്ചനും തമ്മിൽ ഇഷ്ടത്തിൽ ആണോ ”

” ദേ അമ്മ ആണെന്ന് വെച്ച് അനാവശ്യം പറയരുത് കേട്ടോ… ഒരാളോട് കുറച്ചു സമയം മിണ്ടിയാൽ ഉടൻ അതിന്റെ അർത്ഥം പ്രേമം എന്നാണോ…
അമ്മയും തുടങ്ങിയോ പ്രശാന്തിന്റെ സ്വഭാവം ”

” ഡേവിച്ചൻ നല്ലൊരു പയ്യനാണ്…
നമ്മുടെ കുടുംബത്തെ കുറിച്ചൊക്കെ നന്നായിട്ട് അറിയാം…
എനിക്ക് തോന്നുന്നു ഞങ്ങളെക്കാൾ നിന്നെ മനസ്സിലാക്കിയിട്ടുള്ളത് അവൻ തന്നെ ആണെന്നാണ്…
അവന് നിന്നെ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടെന്ന് ആണ് ഇവരൊക്കെ പറയുന്നത്…
അങ്ങനാണേൽ നമ്മുക്ക് ഈ ആലോചന മുന്നോട്ട് കൊണ്ടുപോയാലോ ”

” ഒന്ന് നിർത്തുന്നുണ്ടോ…
എന്റെ ജീവിതത്തിൽ വിവാഹം വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്… അത് വേണ്ടാ എന്ന് ഞാൻ വർഷങ്ങൾക്ക് മുൻപേ നിങ്ങളോട് ഒക്കെ പറഞ്ഞതാണ്…. ഏതെങ്കിലും ഒരു ഡേവിഡ് വന്നാൽ, അവൻ ഇഷ്ടം അറിയിച്ചാൽ ഉടൻ അവന്റെ ഭാര്യയായി മാറാൻ കാത്തിരിക്കുക ഒന്നുമല്ല ഞാൻ..
എന്റെ തീരുമാനങ്ങൾ എന്റെ ശരിയാണ്…
അത് ആര് വന്നാലും മാറാനും പോകുന്നില്ല…

ശരിയാണ് ഡേവിഡ് നിങ്ങളെക്കാളൊക്കെ എന്നെ മനസ്സിലാക്കിയിട്ടുണ്ടാകും ഇല്ലെന്ന് പറയുന്നില്ല… എന്നുവെച്ചു ഇല്ലാത്ത ഒരു ഇഷ്ടം ഉണ്ടെന്ന് പറഞ്ഞു അയാളുടെ ജീവിതത്തിലേക്ക് എനിക്ക് പോകാൻ കഴിയില്ല..
ഡേവിച്ചൻ എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്…
ഇനി ഒരിക്കൽ കൂടി ഈ വിവാഹാലോചനയുടെ കാര്യം ആവർത്തിക്കരുത് ”

അവിടേക്ക് വന്ന ഡേവിഡ് കൂടി കേൾക്കാൻ പാകത്തിന് കടുപ്പിച്ചാണ് അവൾ അത്രയും പറഞ്ഞത്.

” ഇല്ലെടി ആവർത്തിക്കുന്നില്ല… നീ ഇങ്ങനെ അഹങ്കരിച്ചു നടന്നോ… ആരാന്നാ നിന്റെ ഭാവം
കുറച്ചു വീടിന് വേണ്ടി എന്തെങ്കിലും ചെയ്‌തെന്ന് കരുതി നീ എന്നെ അങ്ങ് ഭരിക്കാൻ വരണ്ട കേട്ടല്ലോ…
നീ ആണ് എന്നെ സംരക്ഷിക്കുന്നത് എന്നതിന്റെ അഹം ഭാവം ആണെങ്കിൽ വേണ്ടാ കേട്ടോ…
എനിക്ക് നീ മാത്രം അല്ല പവിത്രേ മക്കൾ.. ”

പത്മം വളരെയധികം ദേഷ്യത്തിൽ ആയിരുന്നു. അവരെ ആ ഒരു രൂപത്തിൽ സൗമ്യയും ഡേവിഡും കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇത്രയൊക്കെ അവർ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ പവിത്ര മുറിയിലേക്ക് പോയതേയുള്ളു.

എന്നാൽ പത്മം പറഞ്ഞ ഓരോ വാക്കുകളും അവളെ എത്ര മാത്രം കുത്തി നോവിച്ചിട്ടുണ്ടാകും എന്ന് ഡേവിച്ചന് അറിയാമായിരുന്നു.

” ഇങ്ങനൊന്നും പവിത്രയോട് പറയാൻ പാടില്ലായിരുന്നു അമ്മച്ചി… പുറമേ കാണിച്ചില്ലെങ്കിലും അവളുടെ മനസ്സിൽ അത് കൊണ്ട് കാണും ”
അവൻ ഇടർച്ചയോടെ പത്മത്തിനോട് പറഞ്ഞു

” എനിക്ക് അറിയാം മോനേ… അങ്ങനെ അവൾക്ക് നോവാൻ വേണ്ടി തന്നെയാണ് ഞാൻ പറഞ്ഞതും…
അങ്ങനെങ്കിലും അവൾക്ക് തോന്നണം ഈ ലോകത്ത് അവൾ ഒറ്റയ്ക്ക് ആണെന്ന്… അവളെ സ്നേഹിക്കാൻ ആരുമില്ലെന്ന്…
അമ്മ പോലും തള്ളി പറയുവാണെന്ന തിരിച്ചറിവിൽ ഒരു പക്ഷേ എന്റെ കുഞ്ഞ് നിന്റെ സ്നേഹം സ്വീകരിച്ചാലോ…
ആ പ്രതീക്ഷയിൽ ആണ് ഞാൻ അവളെ ഓരോന്നും പറഞ്ഞു വേദനിപ്പിക്കുന്നത്…
ഇവിടെ എല്ലാർക്കും ഈ സൗമ്യക്ക് വരെ തോന്നിയിട്ടുണ്ട് ഇത്രയേറെ കഷ്ടപ്പെട്ട് വീടിന് വേണ്ടി ജീവിക്കുന്ന പവിത്രയെ ഞാൻ എന്തിനാണ് അവസരം കിട്ടുമ്പോൾ ശകാരിക്കുന്നതെന്ന്… !!
വേറൊന്നിനും അല്ല അവൾ സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ പെരുമാറുന്നത് ”

പുറത്തേക്ക് വരാൻ വെമ്പുന്ന വിങ്ങലുകളെ വേഷ്ടിയുടെ തുമ്പാൽ വാ പൊത്തി പിടിച്ചു കൊണ്ട് പത്മം തടഞ്ഞു നിർത്തി.

” അമ്മച്ചി ഇങ്ങനെ വിഷമിക്കാതെ പവിത്ര ഒരിക്കലും ഒറ്റയ്ക്ക് ആകില്ല… അതിനിപ്പോ എന്നെ കല്യാണം കഴിക്കണം എന്നൊന്നുമില്ലല്ലോ…
ഞാൻ എപ്പോഴും അവൾക്ക് ഒപ്പം ഉണ്ടായിരിക്കും…
അത് ഇപ്പോൾ ഒരു സുഹൃത്തിന്റെ സ്ഥാനത്ത് ആണെങ്കിൽ അങ്ങനെ തന്നെ…
അത് ഈ ഡേവിച്ചൻ അമ്മച്ചിക്ക് തരുന്ന വാക്കാണ് ”

പത്മത്തിനെ ചേർത്ത് നിർത്തിക്കൊണ്ട് നിറഞ്ഞ മനസ്സോടെ അവൻ പറഞ്ഞു നിർത്തി.

എക്സമൊക്കെ കഴിഞ്ഞത് കൊണ്ട് മിക്കപ്പോഴും പവിത്രയ്ക്ക് ഒപ്പം സൗമ്യയും വായനശാലയിൽ വന്നിരിക്കും.
അവിടെ വന്നിരുന്നു കലപില കൂട്ടരുതെന്ന് വീട്ടിൽ നിന്നേ ഉപദേശം കൊടുത്താണ് കൊണ്ട് വരുന്നതെങ്കിലും സൗമ്യക്ക് ഒരു മാറ്റവും ഇല്ല.

ഇത്തവണ ആദിയുടെ കുറ്റങ്ങൾ പവിത്രയോട് പറഞ്ഞു കൊണ്ടിരിക്കുകയാണ് കക്ഷി.
എന്നാൽ പവിത്ര ആകട്ടെ ഈ ലോകത്ത് എങ്ങും അല്ലാത്ത പോലെ മറ്റേതോ ചിന്തയിൽ മുഴുകി ഇരിക്കുകയാണ്…

” എന്തുവാ പവിത്രേച്ചി ഇത്ര ആലോചന ”
സൗമ്യ അവളെ കുലുക്കി വിളിച്ചുപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്.

” ഞാൻ പ്രശാന്തിനെ കുറിച്ച് ആലോചിക്കുവായിരുന്നു… എങ്ങനെ നടന്ന ചെക്കൻ ആണ് അവൻ…
എന്നോട് ഇത്രയും മോശമായ രീതിയിൽ സംസാരിക്കാനും മാത്രം അവൻ എങ്ങനെ മാറി എന്ന് ആലോചിക്കുമ്പോൾ…

പറഞ്ഞു വന്നത് പൂർത്തിയാക്കാനാവാതെ പവിത്ര നിശ്ശബ്ദയായി…
ആ മിഴികൾ എവിടെയോ ഒരു തുള്ളി കണ്ണുനീര് നിറഞ്ഞത് സൗമ്യ കണ്ടു.

” പ്രശാന്തേട്ടന്റെ ഇപ്പോഴത്തെ ഈ ചീത്ത സ്വഭാവം ഒക്കെ മാറും പവിത്രേച്ചി…
കണ്ടില്ലേ മുരളിയേട്ടൻ സ്വന്തം തെറ്റുകൾ മനസ്സിലാക്കി തിരുത്തി നന്നാകാൻ തുടങ്ങിയത്.
അതുപോലെ തന്നെ പ്രശാന്തേട്ടനും ചേച്ചിയോട് മാപ്പ് പറഞ്ഞു പഴയ പ്രശാന്ത് ആകും…
എല്ലാവർക്കും തിരിച്ചടികൾ കിട്ടി തുടങ്ങുമ്പോൾ നന്നായി തുടങ്ങും ”

സൗമ്യ പറയുന്നത് കേട്ട് പവിത്ര ചെറുതായി ചിരിച്ചു.

” ഇത് സിനിമയോ സീരിയലോ അല്ല സൗമ്യേ.. മനുഷ്യൻ പെട്ടെന്ന് തിരിച്ചടികൾ കിട്ടി നന്നായി മാറാൻ…
ഇത് ജീവിതം ആണ്…
അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മാറി മാറിയില്ല.
നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ദുഷ്ടന്മാർ നശിക്കുകയോ അല്ലെങ്കിൽ പശ്ചാത്തപിക്കുകയോ ചെയ്യുകയില്ല ആഗ്രഹിക്കുന്ന സമയങ്ങളിൽ…
ചിലപ്പോൾ മാത്രം അങ്ങനൊക്കെ സംഭവിക്കും… ചിലപ്പോൾ മാത്രം.. !!
പക്ഷേ ഒന്നുണ്ട് ചെയ്ത കർമ്മങ്ങളുടെ ഫലം അനുഭവിക്കുക എന്നത്…
അത് എത്ര വൈകി ആണെങ്കിലും സംഭവിച്ചിരിക്കും…. !!

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14

പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 17

പവിത്ര: ഭാഗം 18

പവിത്ര: ഭാഗം 19

പവിത്ര: ഭാഗം 20

പവിത്ര: ഭാഗം 21

പവിത്ര: ഭാഗം 22

പവിത്ര: ഭാഗം 23

പവിത്ര: ഭാഗം 24

പവിത്ര: ഭാഗം 25

പവിത്ര: ഭാഗം 26

പവിത്ര: ഭാഗം 27

Share this story