ഋതുസാഗരം: PART 23

ഋതുസാഗരം: PART 23

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

അഞ്ചു മണിക്കൂർ നീണ്ട സർജറിക്കു ശേഷം OT യുടെ വാതിൽ തുറന്നു ഡോക്ടർ പുറത്തിറങ്ങി. എല്ലാ കണ്ണുകളും പ്രതീക്ഷയോടെ അദ്ദേഹത്തെ ഉറ്റു നോക്കി. പക്ഷേ ആ മുഖത്തു ഒരു തരം നിരാശയായിരുന്നു നിഴലിട്ടത്.

“ഡോക്ടർ മോൾക്ക്‌ എങ്ങനെ ഉണ്ട്?? സർജറി സക്സസ് ആണല്ലോ അല്ലേ…എന്റെ മോൾ വേഗം പഴയതു പോലെ ആകില്ലേ?? ”

“ലുക്ക്‌ Mr. ഹരിനന്ദൻ…… ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ…..!

I’m sorry…”

“ഡോക്ടർ…. എന്റെ….. മോ…ൾ??? ”

“നോ… നോ Mr. ഹരിനന്ദൻ…. അവളുടെ ജീവനു ആപത്തു ഒന്നും ഇല്ല. പക്ഷേ തലയ്ക്കു ഏറ്റ പരിക്ക് കാരണം കുട്ടി ഇപ്പോൾ കോമ സ്റ്റേജിൽ ആണു. അങ്ങനെ ഒരു അവസ്ഥ തടയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല… സോറി. ”

“ഡോക്ടർ…. ഋതുവിനു എപ്പോൾ ബോധം വരും.?? ”

“താങ്കൾ ഋതുവിന്റെ ആരാ?? ”

“ഞാൻ അവളുടെ ഏട്ടൻ ആണു…. രുദ്രൻ. ”
“ഒക്കെ രുദ്രൻ…. ഋതു എപ്പോൾ ഉണരും എന്നു എനിക്ക് പറയാൻ കഴിയില്ല… എനിക്കെന്നല്ല ലോകത്തിലെ ഒരു ഡോക്ടർക്കും കോമയിൽ ഉള്ള ഒരു പേഷ്യന്റ് എപ്പോൾ ഉണരും എന്നു പറയാൻ ആകില്ല. ചിലപ്പോൾ ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ അതുമല്ലങ്കിൽ വർഷങ്ങൾ പോലും എടുത്തു എന്നു വരാം. ചെലപ്പോൾ ഒരിക്കലും ഉണർന്നില്ല എന്നും വരാം. ”

“നോ ഡോക്ടർ….. എന്റെ മോൾക്ക്‌ ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല…. എവിടെ വേണേലും കൊണ്ടു പോകാം അവളെ….ഉള്ളതു മുഴുവൻ വിറ്റു പെറുക്കി ആണേലും ട്രീറ്റ്മെന്റ് കൊടുക്കാം. പഴയതു പോലെ അവളെ തിരിച്ചു കിട്ടിയാൽ മതി… ”

“ഇതിനു പ്രത്യേകിച്ച് ചികിത്സ ഒന്നും ഇല്ല… ഞങ്ങൾ ഇവിടെ കൊടുക്കുന്നത് ഒക്കെ തന്നാണ് എല്ലായിടത്തും. ഈ മുറിവും ഫ്രാക്ച്ചറും ഒക്കെ മാറി കഴിഞ്ഞാൽ പിന്നെ കാത്തിരിക്കാനേ പറ്റൂ… ഈ കുട്ടി ഉണരുന്ന ദിവസത്തിനായി. അതു എത്രയും വേഗം ആകാൻ പ്രാർഥിക്കാം നമുക്ക്. That’s all. ”

അത്രയും പറഞ്ഞു ഡോക്ടർ പോയി…ഋതുവിന്റെ അവസ്ഥ അവളുടെ ബന്ധുക്കളെയും കൂട്ടുകാരെയും വല്ലാത്തോരു ധർമ്മ സങ്കടത്തിൽ ആക്കി.
അവളുടെ ജീവൻ രക്ഷപെട്ടത്തിൽ സന്തോഷിക്കാണോ അതോ ഈ അവസ്ഥയിൽ ആയതോർത്തു ദുഃഖിക്കാണോ എന്നു ആർക്കും അറിയില്ല. എങ്കിലും അവർ അകമഴിഞ്ഞു പ്രാർഥിച്ചു… ഋതു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാൻ.

ഒരാഴ്ചയോളം ഋതു ICU യിൽ കിടന്നു. അതിനു ശേഷം അവളെ വാർഡിലേക്ക് മാറ്റി. കൂട്ടുകാരും ബന്ധുക്കളും എല്ലാം പല വട്ടം ഋതുവിനെ കാണാൻ ഹോസ്പിറ്റലിൽ വന്നു പോയി. പക്ഷേ ഒരാൾ മാത്രം ഒരിക്കൽ പോലും അവളെ കാണാൻ എത്തിയില്ല. ഋതുവിനെ ജീവനു തുല്യം സ്നേഹിക്കുന്ന അവളുടെ സ്വന്തം കാണ്ടാമൃഗം..പരസ്പരം പറയാതെ ആണെങ്കിലും ഇരുവരുടെയും സ്നേഹം അറിയുന്ന പലർക്കും അവന്റെ പെരുമാറ്റം ഒരു അത്ഭുതം ആയിരുന്നു. സ്വന്തം കാമുകി അവിടെ മരണക്കിടക്കയിൽ കിടക്കുമ്പോൾ അവളെ ഒന്നു കാണാൻ പോലും കൂട്ടാക്കാത്ത കാമുകൻ. കേക്കുന്നവർക്കെല്ലാം അത്ഭുതം ആകും.
പക്ഷേ അങ്ങനെ ഒരു തീരുമാനം എടുക്കാൻ സച്ചുവിനു അവന്റെതായ കാരണം ഉണ്ട്‌.

എപ്പോഴും വഴക്കും കളി ചിരിയുമായി നടന്നിരുന്ന തന്റെ കിളിക്കുഞ്ഞു ഒന്നും മിണ്ടാതെ… ഒന്നു അനങ്ങുക പോലും ചെയ്യാതെ കിടക്കുന്നതു കാണാൻ ഉള്ള ത്രാണി ആ മനസ്സിന് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഋതുവിനെ കുറിച്ചോർക്കുമ്പോൾ ആ മനസ്സിൽ തെളിയുന്ന അവസാന രൂപം പുഞ്ചിരിയോടെ യാത്ര പറയുന്ന ഋതുവിന്റെ ആണു. അതിന്റെ സ്ഥാനത്തു നിഛലമായി കിടക്കുന്ന ഋതുവിനെ ഓർമയിൽ നിറയ്ക്കാൻ ആഗ്രഹിക്കാത്തതു കൊണ്ടു തന്നെ ആ കൂടി കാഴ്ച അവൻ ഒഴിവാക്കി.

ഒരാഴ്ച്ചയ്ക്ക് ശേഷം ഹോസ്പിറ്റലിൽ ഋതുവിനെ കാണാൻ ക്ഷണിക്കാത്ത ഒരു അതിഥി എത്തി.. ഒട്ടും പ്രതീക്ഷിക്കാത്താ ഒരു അതിഥി…കൃഷ്ണദത്തൻ നമ്പൂതിരി.
പേര് കേട്ട ജോത്സ്യൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ കവിടിപ്പലകയിൽ തെളിയുന്ന ഒന്നും തെറ്റാറില്ല. ഋതുവിന്റെ ജാതകമെഴുതിയതും അതിലെ അപമൃത്യു യോഗം തിരിച്ചറിഞ്ഞതുമെല്ലാം അദ്ദേഹമായിരുന്നു. ഈ തവണയും അദ്ദേഹത്തിന്റെ ത്രികാല ജ്ഞാനത്തിൽ തെളിഞ്ഞത് സത്യമായിരുന്നു. ഇരുപത്തിരണ്ടാം പിറന്നാളിന് മുൻപ് ഋതുവിന്റെ ജീവൻ കവരാൻ മരണദൂതുമായി യമദൂതൻ എത്തി. പക്ഷേ അവളെ ഒത്തിരി സ്നേഹിക്കുന്ന പലരുടെയും പ്രാർഥന അവൾക്കു കാവലായി. അല്ലെങ്കിൽ കുഞ്ഞിലേ മുതൽ തന്നെ മാത്രം പൂജിക്കുന്ന തന്റെ പ്രിയഭക്തയ്ക്ക് കാവലായി അവളുടെ ഉണ്ണിക്കണ്ണൻ എത്തി.

കൃഷ്ണദത്തൻ നമ്പൂതിരി ഋതുവിനു സംഭവിച്ച ദുരന്തങ്ങൾ എല്ലാം അറിഞ്ഞതായിരുന്നു എത്തിയത്. ഒരിയ്ക്കൽ ഉത്തരം ലഭിക്കാതിരുന്ന ഋതുവിന്റെ ജാതകത്തിലെ രഹസ്യങ്ങളുടെ ഉത്തരം ഇന്നു അദ്ദേഹത്തിനറിയാം…മൃത്യുയോഗത്തിന് ശേഷം മാത്രം മംഗല്യയോഗമുള്ള അവൾക്കു മംഗല്യത്താലി എങ്ങനെ ജീവനു കാവലാകുമെന്നു ഇന്ന് അദ്ദേഹത്തിനറിയാം.

“ഇതാരാ…. കൃഷ്ണദത്തൻ തിരുമേനിയോ??? അങ്ങ് എന്താ ഇവിടെ?? എന്തേലും വയ്യായികയാണോ?? ”

“അല്ല ഹരിനന്ദ… ഞാൻ ഇവിടെ നിങ്ങളെ കാണാൻ തന്നെ വന്നത് ആണ്. ”

“എന്നെയോ??? എന്താ തിരുമേനി… ഇനിയും എന്റെ മോൾക്ക്‌ എന്തേലും ആപത്തു വരാൻ ഉണ്ടോ??? എപ്പോഴും കളിച്ചു ചിരിച്ചു നടന്ന എന്റെ കുഞ്ഞു കിടക്കുന്ന കിടപ്പ് കണ്ടോ തിരുമേനി!! എത്ര വിളിച്ചിട്ടും അവൾ ഉണരുന്നില്ല….ദൈവം ഇത്രയും വലിയ ക്രൂരത എന്തിനാ ചെയ്തത്?? ”

“ഹരി നീ കരയാതിരിക്കൂ…ദൈവത്തെ പഴിക്കും മുൻപ് നീ ഒന്നോർക്കുക. അപമൃത്യു യോഗം സുനിശ്ചിതമായിരുന്ന ഈ കുട്ടിയുടെ പ്രാണൻ ബാക്കിയാക്കി യമദൂതൻ മടങ്ങി എങ്കിൽ അതിനു ഒരേ ഒരു കാരണം ആ സർവ്വേശ്വരൻ ആണ്. അതു മറന്നു ദൈവത്തെ പഴിക്കരുതേ കുഞ്ഞേ. ”

“എന്റെ മോൾടെ ഈ കിടപ്പ് കണ്ടിട്ട് ഞാൻ എങ്ങനെ ദൈവത്തെ പഴിക്കാതിരിക്കും തിരുമേനി. ജീവൻ മാത്രം ബാക്കിയാക്കി എന്റെ കുഞ്ഞിനെ ഇങ്ങനെ ഒരവസ്ഥയിൽ ആകിയില്ലേ ആ ദൈവം. ”

“ഞാൻ പറയുന്നത് നീ വിശ്വസിക്കൂ… ഇരുപത്തിരണ്ടാം പിറന്നാളിന് ശേഷവും മോൾടെ പ്രാണൻ നിലനിൽക്കുകയാണെങ്കിൽ ഒരു നൂറുവർഷം ആയുരാരോഗ്യ സൗഖ്യത്തോടെ അവൾ ജീവിക്കും…. ഉറപ്പ്.

പിന്നെ ഈ കുഞ്ഞു ഇപ്പോൾ അനുഭവിക്കുന്നതും മൃത്യുയോഗം തന്നെയാണ്.”

“തിരുമേനി എന്താ ഉദ്ദേശിക്കുന്നത്?? എനിക്ക് ഒന്നും മനസിലായില്ല. ”

“ഹരി താൻ കേട്ടിട്ട് ഇല്ലേ…ഉറക്കം ഒരു തരം മരണമാണെന്ന്. ഇപ്പോൾ ഋതുവും മൃത്യുവിനു തുല്യമായ ഉറക്കത്തിൽ ആണ്. മരണവും ഉറക്കവും തമ്മിൽ സാമ്യം ഉണ്ട്. മരണം എന്നന്നേക്കുമായി മനുഷ്യനിലെ തിന്മകളെയും ഇല്ലാതെയാക്കി ആ മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുന്നു. അതു പോലെ ഉറക്കം കുറച്ചു നേരത്തെക്ക് ആണെങ്കിൽ പോലും മനുഷ്യനിലെ തിന്മകളെ നശിപ്പിച്ചു ആ ആത്മാവിനെ ശുദ്ധീകരിക്കുന്നു. അതുപോലെ ഋതുവും ഒരു ശുദ്ധീകരണത്തിൽ ആണ്. അതു പൂർത്തിയാകുമ്പോൾ ഒരു നവജാത ശിശുവിന്റെ പരിശുദ്ധിയോടെ അവൻ ഉണരും.”

“സത്യം ആണോ തിരുമേനി പറയുന്നത്?? എന്റെ മോളേ എനിക്ക് പഴയതു പോലെ തിരിച്ചു കിട്ടോ?? ”

“ഞാൻ പറഞ്ഞില്ലേ… ഇരുപത്തിരണ്ടാം പിറനാളിനപ്പുറവും ഈ കുഞ്ഞിൽ ജീവൻ ബാക്കി നിന്നാൽ, ഉറപ്പ്….തീർച്ചയായും അവൾ പഴയ ജീവിതത്തിലേക്ക് മടങ്ങി വരും. പിന്നെ ഒരു കാര്യം…. അതു പറയാൻ ആണ് ഞാൻ ഇന്നു വന്നത്. ”

“എന്താ തിരുമേനി??? എന്താ കാര്യം?? ”

“ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ… ദേവി പാദത്തിൽ അർപ്പിച്ച മംഗല്യത്താലി ആകും കുട്ടിക്ക് കാവൽ ആവുക എന്നു…അന്ന് മൃത്യു യോഗത്തിനു ശേഷം എന്തു മംഗല്യയോഗം എന്നു കരുതി ഞാൻ അതു കാര്യം ആക്കിയില്ല. പക്ഷേ ഇന്നു അതിനുള്ള ഉത്തരം എനിക്ക് അറിയാം. ഋതുമോൾടെ മൃത്യുയോഗം പ്രാർഥനകളുടെ ഫലമായി അവളുടെ പ്രാണൻ കവരതെ കടന്നു പോകും. ഇരുപത്തിമൂന്നര വയസ്സിനു ശേഷം അവൾ സുമഗലി ആകും. പക്ഷേ ദേവി ക്ഷേത്രത്തിൽ നിന്നു വേണം അവൾക്കായുള്ള താലി പൂജിച്ചു വാങ്ങാൻ… ദേവി അമ്മയാണ്. ആ അമ്മയുടെ അനുഗ്രഹത്തോടെ കുട്ടിയെ ബാധിച്ച എല്ലാ ദോഷങ്ങളും മാറും..പുതിയൊരു ജന്മം അമ്മ ഈ കുഞ്ഞിനു നൽകും. ”

“അതിനർത്ഥം എന്റെ മോൾ ഇരുപത്തിമൂന്നര വയസ്സിനു മുൻപ് പഴയതു പോലെ ആകും എന്നല്ലേ. തിരുമേനിക്ക് ഒരിക്കലും തെറ്റു പറ്റില്ല.”

“അതൊന്നും എനിക്ക് അറിയില്ല ഹരി…. പക്ഷേ ഒന്നുറപ്പാണ് ഇരുപത്തിമൂന്നര വയസ്സിൽ ഋതു സുമഗലി ആകും…. ദൈവത്തെ വിശ്വസിക്കൂ…. എല്ലാം ശരിയാകും…പിന്നെ ശരി. ഞാൻ ഇറങ്ങുന്നു…. ”

കൃഷ്ണദത്തൻ നമ്പൂതിരി യാത്ര പറഞ്ഞു പോകുന്നത് ഹരിനന്ദൻ നോക്കി നിന്നു… ആ കണ്ണുകളിൽ വീണ്ടും പ്രതീക്ഷകൾക്ക് ജീവൻ വെച്ച് തുടങ്ങിയിരുന്നു. ഒരിയ്ക്കലും തെറ്റാത്ത തിരുമേനിയുടെ വാക്കുകൾ ആ അച്ഛന്റെ മനസ്സിൽ പ്രതീക്ഷയുടെ നാമ്പുകൾ വീണ്ടും തളിർക്കാൻ കാരണമായി.

****************

മൂന്നു വർഷങ്ങൾ കടന്നു പോയിരിക്കുന്നു… ഇന്നും ഋതുവിന്റെ തിരിച്ചു വരാനാവിനായി അവളുടെ പ്രിയപ്പെട്ടവർ കാത്തിരിക്കുന്നു. ഒരു ഉറക്കത്തിൽ നിന്നെന്നപോലെ അവൾ ഉണരാൻ നേർച്ചകൾ നേർന്നു പ്രാർഥനയോടെ അവർ അവളെ പ്രതീക്ഷിക്കുന്നു…അപ്പോഴും അങ്ങു അകലെ പച്ചില മരുന്നുകളുടെ മണമുള്ള പ്രകൃതി രമണീയമായ ഒരു ആയുർവേദ ചികിത്സ കേന്ദ്രത്തിൽ ചുണ്ടിൽ കുസൃതി ചിരി ഒളിപ്പിച്ചു ഋതു ഉറങ്ങുന്നു.

കഴിഞ്ഞ ഒന്നര വർഷമായി ഋതു അവിടുത്തെ ചികിത്സയിൽ ആണ്…സച്ചുവിനു വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്തിന്റെ അച്ഛൻ ആണ് അവിടുത്തെ ഡോക്ടർ. ഋതുവിന്റെ കാര്യം അറിഞ്ഞപ്പോൾ അദ്ദേഹം ആണ് അവളെ അവിടെ ആകാൻ പറഞ്ഞത്. ഉറപ്പ് ഒന്നും ഇല്ല എങ്കിലും ഒരു ദിവസം എങ്കിലും നേരുത്തേ ഋതു ഉണർന്നു കാണാൻ ആഗ്രഹിക്കുന്ന അവളുടെ പ്രിയപ്പെട്ടവർ അതിനു സമ്മതം മൂളി. ഇപ്പോഴും വിശ്രമിക്കുന്ന അവളുടെ തലച്ചോറിനെ വീണ്ടും ഉണർത്താൻ ഭാരതത്തിന്റെ പരമ്പരാഗത ചികിത്സയ്ക്ക് കഴിയും എന്നൊരു പ്രതീക്ഷ അവരിൽ അവശേഷിക്കുന്നു.

ഭൂമി അതിന്റെ മൂന്നു പരിക്രമണങ്ങൾ പൂർത്തിയാക്കിയപ്പോൾ പലരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചു…അല്ലെങ്കിലും യാത്രക്കാർ പലരും പാതി വഴിയിൽ നഷ്ടമായാലും കാലം എന്ന രഥം പുതിയ സഞ്ചാരപഥങ്ങൾ തേടിയുള്ള അതിന്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കും… അതും ഒരിക്കലും തെറ്റാത്ത പ്രകൃതി നിയമം.

കാലത്തിന്റെ ആ യാത്രയിൽ ഋഷി ഒരു അച്ഛൻ ആയി തീർന്നിരിക്കുന്നു… ധന്യ തങ്കക്കുടം പോലൊരു മോന്റെ അമ്മയും. ധീരജ് എന്ന എല്ലാവരുടെയും സ്വന്തം കണ്ണൻ. രണ്ടര വയസ്സുള്ള കണ്ണൻ കാത്തിരിക്കയാണ് അവന്റെ അപ്പച്ചിയോടൊപ്പം കളിക്കാൻ ആയി…ഇപ്പോഴും ഋതുവിനു അരികിൽ എത്തുമ്പോൾ അവളെ തട്ടി ഉണർത്താൻ ആ കുഞ്ഞു കൈകൾ ശ്രമിക്കാറുണ്ട്. ഒരിക്കൽ പോലും ഋതു അവനെ ഒന്നു ചേർത്ത് പിടിച്ചിട്ടില്ല. പക്ഷേ അവന്റെ വരവിനായി ഏറ്റവും കാത്തിരുന്നത് അവൾ ആണ്… മനസ്സിൽ അവൾ ഇന്നും സൂക്ഷിക്കുന്ന സ്നേഹം ആ കുഞ്ഞു മനസ്സ് ആരും പറയാതെ തിരിച്ചറിയുന്നുണ്ടാകാം. ഋതു സ്വന്തം ജീവനേക്കാളെറെ സ്നേഹിച്ച അവളുടെ കണ്ണനു വേണ്ടി അവൾക്കു ഉണർന്നെ തീരൂ.

രുദ്രന്റെയും ചാഞ്ചലയുടെയും വിവാഹം രണ്ടു വർഷം മുൻപ് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ നടന്നു..പക്ഷേ ഇരുവരുടെയും സ്വപ്നസാഫല്യ നിമിഷം പോലും ഓടി നടക്കാൻ തന്റെ അനിയത്തിക്കുട്ടി ഇല്ല എന്ന കുറവ് രുദ്രനെയും തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഇല്ലല്ലോ എന്ന സങ്കടം ചഞ്ചലയെയും കാര്യമായി ബാധിച്ചിരുന്നു . ഇരുവരും ഇപ്പോൾ കൊച്ചിയിൽ സെറ്റിൽഡ് ആണ്. എല്ലാ വീക്കെൻഡിലും പണ്ടത്തെ പോലെ ഇരുവരും നാട്ടിൽ വരും. പക്ഷേ കഴിഞ്ഞ 5 മാസം ആയി ചഞ്ചല നാട്ടിൽ തന്നെ ഉണ്ട്‌. വേറൊന്നും കൊണ്ടല്ല… കക്ഷിക്ക് ഇപ്പോൾ അധികം യാത്ര ചെയ്യാൻ പാടില്ല. പുതിയ ഒരു അതിഥി കൂടി വരാൻ പോകുവാണേ…അവനാണോ അവൾ ആണോ എന്നറിയില്ല. പക്ഷേ ആൾക്ക് വേണ്ടി എല്ലാരും കട്ട വെയ്റ്റിംഗ് ആണ്…അതിനേക്കാൾ വെയ്റ്റിംഗ് ആണ് ഋതുവിന്റെ പഴയ കളി ചിരികൾ വീണ്ടും കാണാനായി.

സാഗറിന്റെയും വർണ്ണയുടെയും കാര്യം പറയുക ആണെങ്കിൽ ആറു മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹം നടന്നത് ഒന്നും അല്ലാട്ടോ സ്വന്തം രുഗ്മിണിയെ മതിലു ചാടിച്ചു കൊണ്ടോയി കൃഷ്ണൻ കെട്ടിയത് ആണ്. പക്ഷേ രണ്ടു പേരെയും കുറ്റം പറയാൻ പറ്റില്ല. ജോലി വാങ്ങി ചെന്നു പെണ്ണ് ചോദിച്ചിട്ടും ജാതകത്തിൽ പത്തിൽ എട്ട് പൊരുത്തമേ ഉള്ളൂ പത്തിൽ പത്തില്ലാതെ പെണ്ണിനെ കൊടുക്കില്ല എന്നു പറഞ്ഞു അച്ഛനും അമ്മയും നിന്നാൽ ആരായാലും ഇങ്ങനെ ഒരു കടുംകൈ ചെയ്തു പോകും. വർണ്ണ ഋതുവിനു സംഭവിച്ച ദുരന്തത്തോട് കൂടി വല്ലാണ്ട് തളർന്നു പോയിരുന്നു. താനും വിഷ്ണുവുമായുള്ള പ്രശ്നം കാരണം ആണ് ഋതുവിനു ഇങ്ങനെ ഒരവസ്ഥ ഉണ്ടായത് എന്ന ചിന്ത അവളെ മാനസികമായി വല്ലാതെ ബാധിച്ചു. ഡിപ്രഷനിൽ ആയ അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സാഗറിനും കൂട്ടുകാർക്കും ഒരു വർഷം വേണ്ടി വന്നു. ഋതുവിനെ ഓർത്തു സാഗറിന്റെ മനസ്സും വല്ലാതെ വേദനിക്കുണ്ട്. എങ്കിലും വർണ്ണയെ നന്നായി നോക്കിക്കോളാം എന്ന വാക്ക് അവൻ ഇന്നും അക്ഷരംപ്രതി പാലിക്കുന്നു.

ബാക്കി കൂട്ടുകാരികളുടെ കാര്യം പറയുകയാണെങ്കിൽ ലെച്ചുവിനെ ഒരു വർഷം മുൻപ് വീട്ടുകാർ പിടിച്ചു കെട്ടിച്ചു… കല്യാണം തടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി എങ്കിലും നോ രക്ഷ… വീട്ടുകാർ കയ്യോടെ പിടിച്ചു കെട്ടിച്ചു. കരുണ ഇപ്പോൾ ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു…കക്ഷി ആ ലൈഫിൽ കംപ്ലീറ്റ് ഹാപ്പി ആണ്. നിഖില കലിപ്പ് കാട്ടി നടന്നു എങ്കിലും psc എന്ന വൻമതിൽ ചാടി കടന്നു. ഇപ്പോൾ സെക്രട്ടറിയേറ്റിൽ കുന്നുകൂടി കിടക്കുന്ന ഫയലുകളോട് കലിപ്പ് തീർക്കുകയാണ്.
ഈ അഞ്ചു കൂട്ടുകാരികളും കാത്തിരിക്കുന്നതു കൂട്ടത്തിലെ ആറാമത്തെ കുസൃതികുടുക്കയുടെ തിരിച്ചു വരവിനാണ്. ഋതു ഉണരുന്ന ആ ദിവസം ഏതൊക്ക ദിക്കിൽ ആണെങ്കിലും ഏതൊക്കെ അവസ്ഥയിൽ ആണെങ്കിലും ഋതുവിനെ കാണാൻ അവർ ഒരുമിച്ചെത്തും എന്നത് അവർ മൂന്നു വർഷം മുൻപ് ആ കലാലയത്തിൽ നിന്നു പടിയിറങ്ങുമ്പോൾ ചെയ്ത സത്യമാണ്.

വിഷ്ണു… അവനു എന്തു സംഭവിച്ചു എന്നത് അറിയാൻ കുറച്ചു കൂടി കാത്തിരിക്കണം.

വാവയുടെ അച്ഛനും അമ്മയും അപ്പച്ചിയും അമ്മാവനും ഋതുവിനു വേണ്ടിയുള്ള കാത്തിരുപ്പിൽ ആണ്… അവൾക്കു വേണ്ടിയുള്ള വഴിപാടും നേർച്ചകളുമായി അവർ അമ്പലങ്ങൾ തോറും അലയുകയാണ്…അവൾക്കു വേണ്ടി മാത്രമല്ല സച്ചുവിനു വേണ്ടി കൂടിയാണ് ആ പ്രാർത്ഥന. ഇനിയും എത്ര നാൾ ദൈവം ആ പ്രാർഥന കേൾക്കാതിരിക്കും…അതിനുത്തരം
സ്വയം അവനു മാത്രമേ അറിയൂ.

പിന്നെ സാരുക്കുട്ടി… കക്ഷി +2 നല്ല മാർക്കോട്‌ കൂടി പാസ്സ് ആയി എൻജിനിയറിങ് തന്നെ തിരഞ്ഞെടുത്തു. ഋതുവിന്റെ ആക്‌സിഡന്റ് ഏറ്റവും തളർത്തിയത് അവളെ ആയിരുന്നു. അത്രയും നാളുകൾ ഒപ്പം കളിച്ചു നടന്ന സ്വന്തം ചേച്ചി എന്നു ഉണരുമെന്നു പോലും അറിയാത്ത ഉറക്കത്തിലേക്ക് വഴുതി വീണത് അവൾക്കൊരു ഷോക്ക് ആയിരുന്നു.

സച്ചു…. കഴിഞ്ഞ മൂന്നു വർഷമായി അവൻ ഒരു പുഞ്ചിരിയോടെ കാത്തിരിക്കുകയാണ് തന്റെ കിളിക്കുഞ്ഞു ഉണരുന്ന നിമിഷത്തിനായി. ആരോടും മിണ്ടാതെ ഇരുണ്ട മുറിയിൽ അവൻ അവൾക്കു വേണ്ടി കാത്തിരിക്കുന്നു…ഇന്നല്ലെങ്കിൽ നാളെ തന്നെ തേടി വരാതിരിക്കാൻ ഋതുവിനാകില്ല എന്ന പ്രതീക്ഷയോടെ. പലവട്ടം പലരും അവനെ ആ മുറിക്കു പുറത്തു കൊണ്ടു വരാൻ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല…ആ മുറിക്കുള്ളിൽ തന്റെ കിളിക്കുഞ്ഞിന്റെ ഓർമ്മകളുമായി താൻ ജീവിച്ചോളാം എന്ന വാശിയിൽ അവൻ ഉറച്ചു നിന്നു. ഓരോ ദിവസം കഴിയും തോറും സച്ചു മറ്റുള്ളവരിൽ നിന്നകന്നു തന്റെ കിളിക്കുഞ്ഞിന്റെ ഓർമ്മകളെ മാത്രം കൂടെകൂട്ടി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയാണ്…ഇനിയും അതു തുടർന്നാൽ സച്ചുവിന്റെ മനസ്സ് എന്നന്നേക്കുമായി കൈവിട്ട് പോകുമെന്ന് എല്ലാർക്കും അറിയാം. അന്നു ഹോസ്പിറ്റലിൽ വെച്ചു മോശമായി പെരുമാറിയതിന് ഒരായിരം വട്ടം ഋഷി സച്ചുവിനോട് ക്ഷമ പറഞ്ഞു കഴിഞ്ഞു…പല വട്ടം സച്ചുവിനെ വാവയ്ക്ക് അരികിൽ കൊണ്ടു പോകാനും അവൻ ശ്രമിച്ചു. പക്ഷേ കളിയും ചിരികളും ഇല്ലാണ്ട് മയങ്ങുന്ന ഋതുവിനെ കാണാൻ സച്ചു കൂട്ടാക്കിയില്ല. എന്തോ അതിനുള്ള ശക്തി ആ മനസ്സിന് ഉണ്ടായിരുന്നില്ല.

ഈ മൂന്നു വർഷത്തിനിടയ്ക്ക് ഒരേ ഒരു പ്രാവിശ്യമാണ് സച്ചു കളി ചിരികൾ ഇല്ലാതെ ശാന്തയായി ഉറങ്ങുന്ന ഋതുവിനെ കണ്ടത്. അന്ന് നീണ്ട ഒന്നര വർഷത്തിനു ശേഷം തന്റെ പെണ്ണിനെ കാണാൻ വാശി പിടിച്ചതും സച്ചു തന്നെയായിരുന്നു. ആളും ആരവവും ഒന്നും ഇല്ലാതെ സമയവും ജാതകവും ഒന്നും നോക്കാതെ സ്വന്തം മനസ്സിന്റെ ശബ്ദം മാത്രം കേട്ട് ഋതുവിന്റെ കഴുത്തിൽ താലി ചാർത്തി അവളെ തന്റേതാക്കിയ ആ നിമിഷം കൺകുളിരെ അവൻ കണ്ടു തന്റെ ജീവന്റെ പതിയെ. താൻ താലി ചാർത്തി സ്വന്തമാക്കിയ തന്റെ ഭാര്യയെ… തന്റെ മാത്രം സ്വന്തമായ കിളിക്കുഞ്ഞിനെ.

അന്ന് സച്ചു മറ്റൊരു സത്യം കൂടി ചെയ്തു… “ഇനി എന്നാണോ ഋതു തന്നെക്കാണാൻ താൻ ഉള്ളയിടത്ത് എത്തുന്നത്…അന്നല്ലാതെ ഋതുവിനെ സാഗർ ഒരിക്കലും കാണാൻ ശ്രമിക്കില്ല” എന്നു…. ആ വാക്കു പാലിച്ചു കൊണ്ടു അന്ന് തന്നെ ഋതുവിനെ തന്റെ ഫ്രണ്ടിന്റെ അച്ഛന്റെ ആശ്രമത്തിൽ കൊണ്ടാക്കിയതും സച്ചു തന്നെയായിരുന്നു… അവനു ഉറപ്പുണ്ട് അധികം വൈകാതെ തനിക്കരികിൽ അവൾ മടങ്ങി എത്തും എന്നു….അതു കിളിക്കുഞ്ഞിനെ ഓർമിപ്പിക്കാനായി അവൻ കെട്ടിയ താലിയും സീമന്ത രേഖയിൽ അണിയിച്ച സിന്ദൂരത്തെയും സാക്ഷിയാക്കി ആ ചുണ്ടിൽ ഒരു ചുമ്പനം നൽകാൻ അവൻ മറന്നില്ല….ഋതുവിന്റെ ആത്മാവിനെ തൊട്ടുണർത്താൻ ശേഷിയുള്ള ഒരു ചുടു ചുംബനം.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

 

 

ഋതുസാഗരം: PART 23

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഇന്നത്തെ സ്വർണ്ണ വില അറിയാം

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 13

ഋതുസാഗരം: ഭാഗം 14

ഋതുസാഗരം: ഭാഗം 15

ഋതുസാഗരം: ഭാഗം 16

ഋതുസാഗരം: ഭാഗം 17

ഋതുസാഗരം: ഭാഗം 18

ഋതുസാഗരം: ഭാഗം 19

ഋതുസാഗരം: ഭാഗം 20

ഋതുസാഗരം: ഭാഗം 21

ഋതുസാഗരം: ഭാഗം 22

Share this story