വാഹനാപകടത്തില്‍ ബാലിക മരിച്ചു
ദുബൈ: ഹത്ത – ലെഹ്ബാബ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 11 വയസുള്ള ബാലിക മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുട്ടികളെ വിദ്യാലയത്തിലേക്കു കൊണ്ടുപോകാന്‍ നിയോഗിച്ച മിനിവാന്‍ നിയന്ത്രണംവിട്ട് റോഡിന്റെ മധ്യത്തിലുള്ള ബാരിയറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. അമിതവേഗവും അശ്രദ്ധയുമാണ് ടൊയോട്ടയുടെ പ്രിവിയ വാഹനം അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയതെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. ഏഴോ, എട്ടോ പേര്‍ക്ക് സഞ്ചരിക്കാവുന്ന വാനില്‍ മരിച്ച കുട്ടിയുള്‍പ്പെടെ 12 പേരായിരുന്നു യാത്രചെയ്തിരുന്നത്.
അപകട വിവരം അറിഞ്ഞ ഉടന്‍ രാവിലെ ഏഴിന് തന്നെ ദുബൈ പൊലിസും ദുബൈ ആംബുലന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവസ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് വാന്‍ വെട്ടിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്ന് ദുബൈ പൊലിസിലെ ഓപറേഷന്‍സ് വിഭാഗം അക്ടിങ് അസി. കമാന്ററിങ് ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി. ഡ്രൈവറും 11 കുട്ടികളുമാണ് വാനിലുണ്ടായിരുന്നത്.
ഇവരില്‍ മിക്കവര്‍ക്കും പരുക്കേറ്റിട്ടുള്ളതിനാല്‍ ആശുപത്രിയിലേക്കു മാറ്റിയതായും അധികൃതര്‍ അറിയിച്ചു.