ഇസ്രായേൽ-ഇറാൻ സംഘർഷം: ഇസ്രായേലിലെ യുഎസ് എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടും
Jun 18, 2025, 10:14 IST
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജറുസലേമിലെ അമേരിക്കൻ എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകി. ജൂൺ 18 മുതൽ ജൂൺ 20 വരെയാണ് എംബസി അടച്ചിടുക ജറുസലേമിലെയും ടെൽ അവീവിലെയും കോൺസുലേറ്റുകൾക്കും ഇത് ബാധകമാണെന്ന് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സംഘർഷം ആറാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജറുസലേമിലും ടെൽ അവീവിലും ഇറാന്റെ മിസൈലുകൾ പതിക്കുന്നുണ്ട് ടെൽ അവീവിലെ യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപം തിങ്കളാഴ്ച ഇറാന്റെ മിസൈൽ പതിച്ചിരുന്നു. കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി യുഎസ് സ്ഥാനപതി അറിയിച്ചു. ഉദ്യോഗസ്ഥർക്ക് പരുക്കില്ല.
