ട്രംപിനെ തള്ളി ഖൊമേനി; സയണിസ്റ്റ് ഭീകരതയോട് ദയ ഇല്ല, തക്ക മറുപടി നൽകും
Jun 18, 2025, 08:11 IST
ഒളിത്താവളം അറിയാമെന്നും എത്രയും വേഗം കീഴടങ്ങണമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി. സയണിസ്റ്റ് ഭീകരതയോട് ദയ ഇല്ലെന്നും തക്ക മറുപടി നൽകുമെന്നും ഖൊമേനി പ്രതികരിച്ചു. യുദ്ധം ആരംഭിക്കുമെന്ന മുന്നറിയിപ്പും ഖൊമേനി നൽകിയിട്ടുണ്ട് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഖൊമേനിയുടെ പ്രതികരണം. സയണിസ്റ്റ് ഭീകരവാദികളുടെ തേർവാഴ്ചക്ക് തങ്ങൾ ശക്തമായ മറുപടി നൽകിയിയിരിക്കും. അവരോട് ദയ കാണിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഖൊമേനി പറഞ്ഞു. ടെൽ അവീവിൽ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം കഴിഞ്ഞ മണിക്കൂറുകളിൽ ഇരു രാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ടെൽ അവീവ് അടക്കം ലക്ഷ്യമിട്ട് നടത്തിയ മിസൈൽ വർഷത്തെ ഇസ്രായേലിന്റെ അയൺ ഡോമിന് തടയാനായില്ലെന്ന് ഇറാൻ പറയുന്നു. എന്നാൽ ടെഹ്‌റാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം.
