ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് മകന്റെ വിവാഹം മാറ്റിവെച്ചു; രാജ്യത്തിനായുള്ള തന്റെ ത്യാഗമെന്ന് നെതന്യാഹു
Jun 20, 2025, 17:21 IST
ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് തനിക്ക് വ്യക്തിപരമായ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മകന്റെ വിവാഹം രണ്ട് തവണ മാറ്റിവെക്കേണ്ടി വന്നുവെന്നും നെതന്യാഹു പറഞ്ഞു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രാജ്യം യുദ്ധഭീതിയിൽ അകപ്പെട്ട സമയത്ത് മകന്റെ വിവാഹം വലിയ വിഷയമാക്കി പ്രധാനമന്ത്രി അവതരിപ്പിച്ചത് ലജ്ജാകരമെന്നാണ് ആളുകൾ പ്രതികരിച്ചത് സുരക്ഷാ കാരണങ്ങളെ തുടർന്നാണ് മകൻ അവ്‌നീറിന്റെ വിവാഹം രണ്ടാംതവണയും മാറ്റിവെച്ചത്. ഇത് രാജ്യത്തിനായി ഞാൻ ചെയ്ത ത്യാഗമാണ്. മകന്റെ പ്രതിശ്രുത വധുവിന് ഉണ്ടായ മാനസിക വിഷമത്തിലും നിരാശയിലും തനിക്കും ഭാര്യയും ഖേദമുണ്ടെന്നും നെതന്യാഹു പറഞ്ഞു കഴിഞ്ഞ നവംബറിൽ മകന്റെ വിവാഹം നടത്താനാണ് നെതന്യാഹു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് മാറ്റിവെക്കുകയും കഴിഞ്ഞ തിങ്കളാഴ്ച നടത്താൻ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചതോടെ വീണ്ടും മാറ്റിവെക്കേണ്ടി വന്നിരുന്നു.
