ഖൊമേനിയുടെ ഒളിത്താവളം അറിയാം, എത്രയും വേഗം കീഴടങ്ങണം; മുന്നറിയിപ്പുമായി ട്രംപ്
Jun 18, 2025, 07:51 IST
ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖൊമേനി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഒരിക്കലും അമേരിക്കൻ പൗരൻമാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി യുദ്ധം ആരംഭിച്ച് ഇതാദ്യമായാണ് വിഷയത്തിൽ ട്രംപ് നേരിട്ട് ഇടപെട്ട് പ്രസ്താവന നടത്തുന്നത്. ഖൊമേനിയെ വധിക്കാൻ പദ്ധതിയില്ലെന്ന് പറയുമ്പോഴും അദ്ദേഹം എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്ന ഭീഷണിയും ട്രംപ് മുഴക്കുന്നുണ്ട്. കൊലപ്പെടുത്താൻ ഉദ്ദേശ്യമില്ല. പക്ഷേ ജനങ്ങൾക്ക് നേരെ മിസൈലുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഞങ്ങളുടെ ക്ഷമ കുറഞ്ഞു വരികയാണെന്നും ട്രംപ് പറഞ്ഞു ഉപാധികളില്ലാതെ കീഴടങ്ങണമെന്നാണ് ട്രംപിന്റെ ആവശ്യം. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ അയച്ചിട്ടുണ്ട്. ഇറാനും വിട്ടുകൊടുക്കാതെ തിരിച്ചടി തുടരുകയാണ്. ടെൽ അവീവിലെയും ഹൈഫയിലെയും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാൻ സൈനിക മേധാവി ആവശ്യപ്പെട്ടു. മൊസാദ് കേന്ദ്രം ആക്രമിച്ചെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്.
