AbudhabiGulf

ഭിക്ഷാടനത്തിനും പണപ്പിരിവിനുമെതിരെ നടപടി കര്‍ശനമാക്കി യുഎഇ

അബുദാബി: റമദാന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ വിശുദ്ധ മാസത്തില്‍ ഭിക്ഷാടനം നടത്തുകയും അനധികൃതമായി പണപ്പിരിവ് നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ സാമൂഹിക വികസന മന്ത്രാലയഅധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎഇയിലെ നിയമപ്രകാരം പണം പിരിക്കാന്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് മാത്രമേ സാധിക്കൂ. അനധികൃതമായി പണപ്പിരിവില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവും ഒപ്പം രണ്ടു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹംവരെ പിഴയുമാണ് ശിക്ഷ. ഇതോടൊപ്പം പിരിച്ചെടുത്ത മുഴുവന്‍ തുകയും കോടതി ഉത്തരവിലൂടെ പിടിച്ചെടുക്കാനും യുഎഇ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

റമദാന്റെ പുണ്യ മാസത്തില്‍ ജനങ്ങളില്‍ അനുകമ്പ സൃഷ്ടിച്ച് അവരുടെ സമ്പത്ത് ചൂഷണം ചെയ്യുന്ന ഭിക്ഷാടകരേയും പണപ്പിരിവു നടത്തുന്നവരെയും കര്‍ശനമായി നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതോടൊപ്പം ലൈസന്‍സില്ലാതെ തെരുവ് കച്ചവടം നടത്തുന്നവര്‍ക്കും പിടിവീഴും. സംഭാവനകളും മറ്റും അര്‍ഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് രാജ്യത്ത് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ലൈസന്‍സുള്ള ഏജന്‍സികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്. സംഭാവന അര്‍ഹതപ്പെട്ടവരിലേക്ക് എത്തണമെങ്കില്‍ ഇത്തരം ഏജന്‍സികള്‍ക്ക് മാത്രം സംഭാവന നല്‍കുന്ന ശീലം ജനങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!