
യുഎഇ സെൻട്രൽ ബാങ്കിന്റെ സ്വർണ്ണ ശേഖരം അഞ്ച് മാസത്തിനുള്ളിൽ 26% വർദ്ധിച്ചു. 2024 ഡിസംബർ അവസാനത്തിൽ 22.981 ബില്യൺ ദിർഹമായിരുന്ന സ്വർണ്ണ ശേഖരം ഈ വർഷം മെയ് അവസാനം 28.933 ബില്യൺ ദിർഹമായി ഉയർന്നതായി സെൻട്രൽ ബാങ്കിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവിലയിലുണ്ടായ വർദ്ധനയും മറ്റ് രാജ്യങ്ങളുടെ കറൻസി മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കാരണമാണ് സെൻട്രൽ ബാങ്കുകൾ സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ, സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിക്കപ്പെടുന്നു. അതിനാൽ, ഡോളറിന് പുറമെ സ്വർണ്ണം കരുതൽ ശേഖരത്തിൽ സൂക്ഷിക്കുന്നത് രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഗുണകരമാവുന്നു.