പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിയുന്ന പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി അധികൃതര്‍. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നതെന്ന് കുവൈത്ത് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുമായി കൈകോര്‍ത്ത് പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാക്കുന്നത്.
തൊഴിലാളികള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെല്ലാം ഓണ്‍ലൈനായി അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. തങ്ങളുടെ പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യാനുമെല്ലാം സാധിക്കുന്ന ഡിജിറ്റല്‍ സംവിധാനമാണ് അധികൃതര്‍ ഒരുക്കുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ കരാറുകളിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സഹായിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതീക്ഷ.