സഊദിയില്‍ കണ്ടെത്തിയത് ലക്ഷത്തിലേറെ നിയമ ലംഘനങ്ങള്‍
റിയാദ്: സഊദിയിലെ മാനവ വിഭവശേഷി മന്ത്രാലയ അധികാരികള്‍ നടത്തിയ പരിശോധനകളില്‍ 1,07,000ല്‍ അധികം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏഴു ലക്ഷത്തിലേറെ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്കുന്നതില് വീഴ്ച വരുത്തുക, നിയമവിരുദ്ധമായി ശമ്പളം തടഞ്ഞുവയ്ക്കുക, ഭാഗിക ശമ്പളം മാത്രം നല്‍കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട 16,200 നിയമലംഘനങ്ങള്‍ ഉള്‍പ്പെടെയാണിത്.
2024ന്റെ ആദ്യ പകുതിയില്‍ സ്വകാര്യമേഖയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിവത്കരണ പദ്ധതികളുമായി ബന്ധപ്പെട്ട് 7,600 ലംഘനങ്ങളും ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സഊദി പൗരന്മാരെ ചില ജോലികളില്‍ നിയമിക്കുന്നതിനുള്ള നിര്‍ബന്ധിത നിയമങ്ങളുടെ ലംഘനമാണിവ. വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളില്‍ വിദേശ തൊഴിലാളികളെ മാറ്റി സഊദി പൗരന്മാരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളാണ് ഇത്രയും സ്ഥാപനങ്ങള്‍ ലംഘിച്ചിരിക്കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.