
കോലാലംപൂർ: ഒമാൻ ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ ഹിസ് ഹൈനസ് സയ്യിദ് അസാദ് ബിൻ താരിഖ് അൽ സഈദ് മലേഷ്യൻ ഉപപ്രധാനമന്ത്രിയും ഊർജ്ജ-ജല പരിവർത്തന മന്ത്രിയുമായ ഫഡ്‌സൽ ഫഹ്മിയുമായി കൂടിക്കാഴ്ച നടത്തി. ജി.സി.സി-ആസിയാൻ ഉച്ചകോടിയിലും ജി.സി.സി-ആസിയാൻ-ചൈന ഉച്ചകോടിയിലും ഒമാനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാണ് സയ്യിദ് അസാദ് മലേഷ്യയിലെത്തിയത്.
കഴിഞ്ഞ ദിവസം ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സയ്യിദ് അസാദിനെയും അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തെയും മലേഷ്യൻ വാർത്താവിനിമയ മന്ത്രി ഫഹ്മി ഫഡ്‌സിൽ, പ്രോട്ടോക്കോൾ മേധാവി ഡാറ്റോ യൂബസ്‌ലാൻ ബിൻ ഹാജി യൂസഫ്, ഒമാൻ അംബാസഡർ ഷെയ്ഖ് അൽ അബ്ബാസ് ഇബ്രാഹിം അൽ ഹാർത്തി എന്നിവർ ചേർന്ന് സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം സയ്യിദ് അസാദ് പറഞ്ഞു. സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
സയ്യിദ് അസാദിനൊപ്പം ഒമാൻ കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി, ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവലി, സാമ്പത്തിക മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്‌രി, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി തുടങ്ങിയവരും ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.