ഓഗസ്റ്റ് മുതൽ ഉത്പാദനം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാൻ ഒപെക് രാജ്യങ്ങൾ ധാരണയായി; എണ്ണവില കുറയാൻ സാധ്യത

റിയാദ്: ആഗോള എണ്ണ വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനായി, ഓഗസ്റ്റ് മാസം മുതൽ എണ്ണ ഉത്പാദനം ക്രമീകൃതമായി വർദ്ധിപ്പിക്കാൻ ഒപെക് പ്ലസ് (OPEC+) രാജ്യങ്ങൾ തീരുമാനിച്ചു. സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെ എട്ട് പ്രധാന ഒപെക് പ്ലസ് രാജ്യങ്ങൾ പ്രതിദിനം 5.48 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉത്പാദനം വർദ്ധിപ്പിക്കാനാണ് ധാരണയിലെത്തിയത്. ഇത് മുൻപ് പ്രതീക്ഷിച്ചിരുന്ന 4.11 ലക്ഷം ബാരലിനേക്കാൾ കൂടുതലാണ്.
വെർച്വലായി ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതും എണ്ണ ശേഖരം കുറയുന്നതും ഉത്പാദനം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമായി ഒപെക് പ്ലസ് സെക്രട്ടറി ജനറൽ അറിയിച്ചു. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ പ്രതിദിനം 4.11 ലക്ഷം ബാരൽ വീതം ഉത്പാദനം വർദ്ധിപ്പിക്കാൻ മുൻപ് തീരുമാനിച്ചിരുന്നു.
ഈ ഉത്പാദന വർദ്ധനവ് ആഗോള വിപണിയിൽ എണ്ണവില കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇത് രാജ്യത്തെ ഇന്ധനവിലയിലും പ്രതിഫലിച്ചേക്കാം. എന്നാൽ, വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഉത്പാദന വർദ്ധനവ് നിർത്തിവെയ്ക്കുകയോ, തിരുത്തുകയോ ചെയ്യാമെന്നും ഒപെക് പ്ലസ് വ്യക്തമാക്കിയിട്ടുണ്ട്.