നാടക സൗഹൃദം ദോഹയുടെ ‘ഇശലുകളുടെ സുല്‍ത്താന്‍’ 21ന്
ദോഹ: പടുകൂറ്റന്‍ വേദിയില്‍ 160 കലാകാരന്മാര് മാറ്റുരക്കുന്ന നാടക സൗഹൃദം ദോഹയുടെ ‘ഇശലുകളുടെ സുല്‍ത്താന്‍’ നവംബര്‍ 21ന് ദോഹയില്‍ അരങ്ങേറും. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യ ജീവിതം ദൃശ്യവത്കരിച്ച് ദോഹയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദമാണ് 10ാം വാര്‍ഷികത്തിന്റെ ഭാഗമായി വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്.
രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈറ്റ് ആന്റ് സൗണ്ട് ഷോ എംഇഎസ് ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക. പരിപാടിയുടെ രചന ശ്രീജീത്ത് പോയില്ക്കാവിന്റേതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ അരങ്ങേറിയ ‘ഇശലുകളുടെ സുല്‍ത്താന്റെ’ മൂന്നാമത്തെ അവതരണമാണ് ദോഹയില്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മജീദ് സിംഫണിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. സഹ സംവിധാനം സിദ്ദീഖ് വടകരയും നിര്‍വഹിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കുമെങ്കിലും തിരക്ക് കണക്കിലെടുത്ത് പാസ് മൂലം നിയന്ത്രിക്കും.
ജിന്നി ഇറങ്ങല്‍, കാളപ്പോര് തുടുങ്ങിയവ ദൃശ്യവത്കരിക്കുന്നത് സദസിന് പുത്തന്‍ അനുഭവമായിരിക്കും സമ്മാനിക്കുക. മോയിന്‍കുട്ടി വൈദ്യരുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടിയില്‍ മാപ്പിള കാലാരൂപങ്ങളായ കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയവയും സംയോജിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. നാടക സൗഹൃദം ദോഹയുടെ പ്രസിഡന്റ് മജീദ് സിംഫണി, സിംഫണി മാനേജര്‍ അനസ് മജീദ്, അന്‍വര്‍ ബാബു, ബാവ വടകര, സിദ്ദിഖ് വടകര, റഫീഖ് മേച്ചേരി, ഗഫൂര്‍ കാലിക്കറ്റ് പങ്കെടുത്തു.